തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അനിശ്ചിതത്വം ഒഴിവായി. 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നല്കി. 45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയപാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് കക, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.
ഔട്ടര്‍ റിങ് റോഡ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50 ശതമാനം തുകയായ ഏകദേശം 930.41 കോടി രൂപ കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മാണത്തിനാവശ്യമായ ഏകദേശം 477.33 കോടി രൂപ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പെമെന്റ് പ്രൊജക്റ്റ്സിന്റെ ഭാഗമാക്കും. ഈ തുക അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കും. ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവയ്ക്കുക.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോ മീറ്റര്‍ ദൂരത്തില്‍ നാലുവരി പാതയും സര്‍വീസ് റോഡും നിര്‍മിക്കാനാണ് പദ്ധതി. 281.8 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ആയി ഏറ്റെടുക്കേണ്ടി വരിക. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ടാണ് 2018 ല്‍ ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതി നിര്‍മാണത്തിന് ദേശീയപാതാ അതോറിറ്റിയെ നിശ്ചയിച്ച കേന്ദ്രം എന്നാല്‍ സംസ്ഥാനം കൂടുതല്‍ പങ്കാളിത്തം വഹിക്കണം എന്ന് ആവശ്യപ്പെട്ടു.
സര്‍വീസ് റോഡ് നിര്‍മാണവും ദേശീയപാതാ അതോറിറ്റി നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ പങ്കാളിത്തം കേന്ദ്രം വീണ്ടും നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഔട്ടര്‍ റിങ് റോഡ് വികസനത്തിന് പ്രത്യേക പാക്കേജ് തയാറാക്കിയത്. ഔട്ടര്‍ റിങ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തു നിന്നും ആരംഭിക്കുന്ന കൊല്ലം ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയും നിര്‍മിക്കുന്നതോടെ ചരക്കുനീക്കം ഉള്‍പ്പെടെ കൂടുതല്‍ സുഗമമാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: