ടെല്‍അവീവ്: തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ പ്രതിരോധ സഹായവും പിന്തുണയും വേണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഹിസ്ബുള്ളയും ഹൂതികളും ഹമാസും ചേര്‍ന്നുള്ള സംയുക്ത പ്രത്യാക്രമണ സാധ്യതയും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ അറകള്‍ ഒരുക്കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവില്‍ ഉള്‍പ്പെടെ ജിപിഎസ് സംവിധാനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.
ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. അതേസമയം തങ്ങള്‍ക്കെതിരായ ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന നിലപാട് നെതന്യാഹു ആവര്‍ത്തിച്ചു. തിന്മയുടെ മുഖങ്ങള്‍ക്കെതിരെ ഇസ്രായേല്‍ പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ, ഞായറാഴ്ചത്തെ വ്യോമാക്രമണത്തില്‍ ഹമാസ് ഭരണകൂടത്തിലെ മന്ത്രി അബെദ് അല്‍-സെരിരിയെ വധിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഭീകരവാദത്തിനായി ഇന്ധനവും മറ്റും എത്തിച്ചു നല്‍കുന്നതിന് ഇയാള്‍ മേല്‍നോട്ടം വഹിച്ചിരുന്നതായും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, ഗാസയില്‍ ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയും അല്‍ അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിക്കു നേരെയും ഇസ്രായേല്‍ ആക്രമണം ഉണ്ടായി. മൂന്നു പേര് കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: