പാരീസ്: ഒളിംപിക്സിലെ നീന്തല്‍ മത്സരങ്ങള്‍ അവസാനിച്ചു. പതിവുപോലെ യുഎസ്എ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തി. പക്ഷെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനക്കാര്‍ വല്ലാതെ കുറഞ്ഞു. 1988ന് ശേഷം ആദ്യമായി അവരുടെ സ്വര്‍ണ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങി. എട്ട് സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 28 മെഡലുകളുമായാണ് അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയ 7 സ്വര്‍ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 18 മെഡലുമായി രണ്ടാം സ്ഥാനത്തും ആതിഥേയരായ ഫ്രാന്‍സ് നാല് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 7 മെഡലുകള്‍ നേടി മൂന്നാം സ്ഥാനവും സ്വന്തമാക്കി. കാനഡ (മൂന്ന്), ചൈന, ഇറ്റലി, ഹംഗറി, സ്വീഡന്‍ (രണ്ട് വീതം), ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ജര്‍മനി, റുമാനിയ (ഒന്നുവീതം) എന്നീ രാജ്യങ്ങളും സ്വര്‍ണം നേടിയവരുടെ പട്ടികയില്‍ ഇടംപിടിച്ചു.
വ്യക്തിഗത ഇനത്തില്‍ രണ്ട് ലോക റിക്കോര്‍ഡുകള്‍ പിറന്നു. 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ചൈനയുടെ പാന്‍ ഷാന്‍ലെയം 1500 മീറ്റര്‍ ഇതേയിനത്തില്‍ അമേരിക്കയുടെ ബോബി ഫിന്‍കെയുമാണ് ലോകറിക്കോര്‍ഡിന് അവകാശികള്‍. അതേസമയം വനിതാ വിഭാഗത്തില്‍ ഒരാള്‍ക്കും ലോക റിക്കോര്‍ഡ് സ്വന്തമാക്കാനായില്ല. വനിതകളുടെ 4-100 മീറ്റര്‍ മെഡ്ലെ റിലേ, 4-100 മീറ്റര്‍ മെഡ്ലെ റിലേ എന്നിവയില്‍ അമേരിക്കയും ടീം ഇനത്തില്‍ ലോക റിക്കോര്‍ഡ് സ്ഥാപിച്ചു.
പുരുഷ-വനിതാ വിഭാഗങ്ങളിലായി 13 ഒളിംപിക് റിക്കോര്‍ഡുകളാണ് ഇത്തവണ പാരീസില്‍ പിറവിയെടുത്തത്.
800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ അയര്‍ലന്‍ഡിന്റെ ഡാനിയേല്‍ വിഫെന്‍, 200 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്ക്, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ, 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെ എന്നിവയില്‍ ആതിഥേയരുടെ ലിയോണ്‍ മര്‍ഷന്‍ഡ്, വനിതകളില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്ട്രേലിയയുടെ മോളി ഒ’കല്ലഗന്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കയുടെ കാറ്റി ലെഡ്കി, 100 മീറ്റര്‍, 200മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ഓസീസിന്റെ കെയ്ലീ മക്യോണ്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ കാനഡയുടെ സമ്മര്‍ മകിന്‍ടോഷ് എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ ഒളിംപിക്സ് റിക്കോര്‍ഡ് തിരുത്തിയത്. 17കാരിയായ കാനഡയുടെ സമ്മര്‍ മകിന്‍ടോഷ് ലോക ജൂനിയര്‍ റിക്കോര്‍ഡും തിരുത്തി. 4-100, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഓസ്ട്രേലിയയും ഒളിംപിക്സ് റിക്കോര്‍ഡ് തിരുത്തി.
ഈ ഒളിംപിക്സില്‍ ആതിഥേയരുടെ ലിയോണ്‍ മര്‍ഷന്‍ഡാണ് സൂപ്പര്‍താരമായി മാറിയത്. മത്സരിച്ച നാല് ഇനങ്ങളിലും ഒളിംപിക്സ് റിക്കോര്‍ഡോടെയാണ് താരം പൊന്നണിഞ്ഞത്. കൂടാതെ ഒരു വെങ്കലവും നേടി. ആകെ അഞ്ച് മെഡലുകളാണ് താരം നീന്തിയെടുത്തത്.
അമേരിക്കയുടെ മെഡല്‍ നേട്ടം കുറഞ്ഞത് ഇത്തവണത്തെ ഒളിംപിക്‌സ് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1988ലെ സോള്‍ ഒളിംപിക്സില്‍ എട്ട് സ്വര്‍ണവും 6 വെള്ളിയും നാല് വെങ്കലവുമടക്കം 18 മെഡലുകളാണ് അവര്‍ നേടിയിരുന്നത്. ഇത്തവണയും എട്ട് സ്വര്‍ണമാണ് അവര്‍ക്കുള്ളത്. 1992ലെ ബാഴ്സലോണ ഒളിംപിക്സില്‍ 11 സ്വര്‍ണവും 1996ലെ അറ്റ്ലാന്റ ഒളിംപിക്സില്‍ 13 എണ്ണവും 2000ത്തില്‍ സിഡ്നിയില്‍ 14 എണ്ണവും 2004 ഏഥന്‍സിലും 2008 ബീജിങ്ങിലും 12 എണ്ണവും 2012-ല്‍ ലണ്ടനിലും 2016 റിയോയിലും 16 എണ്ണവും 2020 ടോക്കിയോയില്‍ 11 സ്വര്‍ണവും അമേരിക്ക നീന്തല്‍ക്കുളത്തില്‍ നിന്ന് വാരിയെടുത്തിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിനേക്കാള്‍ മൂന്ന് സ്വര്‍ണം കുറവാണ് ഇത്തവണ അവര്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: