കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളിലായി മരണസംഖ്യ 84 ആയി. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടിയത്.
ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തു. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
പരിക്കേറ്റ നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയത്.
ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. പല മൃതദേഹങ്ങളും അംഗഭംഗം വന്ന നിലയിലായിരുന്നു . ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 26 മൃതദേഹങ്ങള്‍ കണ്ടെത്തിയത് വയനാട്ടില്‍ നിന്ന് ഒഴുകിയെത്തിയതാണെന്നാണ് സൂചന.
രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങള്‍ കൂടി എയര്‍ലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് സൈനിക ക്യാമ്പില്‍ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കണ്ട്രോള് റൂം സജ്ജമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: