പോത്തുകൽ (മലപ്പുറം): നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാർ പുഴയില്‍ പലയിടങ്ങളില്‍ നിന്നായി പതിനൊന്ന് പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്. ചാലിയാർ പുഴയിൽ ഒട്ടേറെ അവശിഷ്ടങ്ങളുമുണ്ട്. അവയിൽ കൈകാലുകൾ മുതൽ ആന്തരാവയവങ്ങൾവരെ ലഭിക്കുന്നു. എൻഡിആർഎഫ്, ഫയർ ആൻഡ് റെസ്ക്യൂ, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ രക്ഷാ പ്രവർത്തനങ്ങൾക്കുണ്ട്.
എട്ടു കിലോ മീറ്റർ അകലെ എത്തുന്ന മൃതദേഹങ്ങൾ സാധാരണ ഒഴുക്കിൽ പെട്ടുവരുന്നതാണെങ്കിൽ ജീർണ്ണിക്കാൻ സമയമായിട്ടില്ല. പക്ഷേ മിക്ക മൃതദേഹങ്ങളും തകർന്ന നിലയിലാണ്. തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ്. വെള്ളപ്പാച്ചിലിന്റെ ഗതിവേഗമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തിരുന്നു.
മൃതദേഹങ്ങൾ പോലീസ് ഏറ്റെടുത്ത് നിലമ്പൂർ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇൻക്വസ്റ്റ് തയാറാക്കലും മറ്റും തുടരുന്നു. വയനാട്ടിനും മലപ്പുറത്തിനും അതിർത്തിയിലുള്ള ചാലിയാർ പുഴവഴിയാണ് പോത്തുകൽ പ്രദേശത്ത് മൃതദേഹങ്ങൾ എത്തുന്നത്.
പുലർച്ചെ രണ്ടു മണിയോടെ ജനവാസ മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി വീടുകളും ഒലിച്ച് പോയിട്ടുണ്ട്. വലിയ ശബ്ദം കേൾക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചെളിയുൾപ്പെട വീട്ടിലേക്ക് എത്തിയെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളാർമലയിൽ ചെളി അടിഞ്ഞുകിടക്കുന്നു. ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചൂരൽമല അങ്ങാടിയുടെ ഒരു ഭാഗമാണ് ഒലിച്ചുപോയത്. വില്ലേജ് റോഡ് ഭാഗത്ത് വെള്ളം കയറി. രക്ഷാ പ്രവർത്തനം ദുഷ്കരമാണ്. എൻഡിആർഎയുടെ സംഘവും ഫയർഫോഴ്സും സംഭവസ്ഥലത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: