ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച ഉണ്ടായത് എങ്ങിനെയെന്ന് സിബിഐ സുപ്രീംകോടതിയില്‍ വിശദീകരിച്ചപ്പോള്‍ പ്രധാനപ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇഹ്ഷാനുള്‍ ഹഖും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലവും. ഇവരാണ് നീറ്റ് ചോദ്യപേപ്പര്‍ അടങ്ങിയ ട്രങ്ക് പെട്ടി ഒയാസിസ് സ്കൂളില്‍ എത്തിയ ഉടന്‍ അധികം വൈകാതെ പ്രധാന പ്രതിയായ ബൊക്കാറോ ജാംഷെഡ് പൂര്‍ എന്‍ ഐടി മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ എഞ്ചിനീയറുമായ പങ്കജ് കുമാര്‍ എന്ന ആദിത്യയെ വിളിച്ചത്. പിന്നീട് ചോദ്യപേപ്പര്‍ അടങ്ങിയ ട്രങ്ക് പെട്ടി ഇരിക്കുന്ന മുറി പങ്കജ് കുമാരിന് ഇവര്‍ മറ്റാരും അറിയാതെ തികച്ചും സ്വകാര്യമായി തുറന്നുകൊടുത്തു. എഞ്ചിനീയറിംഗ് വിദഗ്ധനായ ആദിത്യ എന്ന പങ്കജ് കുമാര്‍ നിമിഷ നേരത്തിനുള്ളില്‍ കാര്യം നടത്തി. ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ചോദ്യപേപ്പര്‍ അടങ്ങിയ പെട്ടി തുറന്നു. അതില്‍ നിന്നും ഏതാനും ചോദ്യ പേപ്പറുകള്‍ എടുത്ത ശേഷം പുറത്തുകടന്നു. ട്രങ്ക് പെട്ടി പഴയതു പോലെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും അടച്ചുവെച്ചു. അരുതാത്തത് ഒന്നും നടന്നില്ല എന്ന മട്ടില്‍ അവര്‍ പെരുമാറി. സിബിഐ ഈ ട്രങ്ക് പെട്ടി തുറക്കാന്‍ പങ്കജ് കുമാര്‍ ഉപയോഗിച്ച ഉപകരണം കണ്ടെടുത്തിട്ടുണ്ട്.
എന്‍ടിഎ നടത്തുന്ന നീറ്റ് പരീക്ഷയുടെ സിറ്റി കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ഹസാരിബാഗിലെ ഒയസിസ് എന്ന സ്കൂളിന്റെ പ്രിന്‍സിപ്പലായ ഇഹ്സാനുള്‍ ഹഖ്. ഇദ്ദേഹവും പങ്കജ് കുമാറും മറ്റ് ചിലരും തമ്മില്‍ ഗൂഢാലോചന നടന്നിരുന്നു. മെയ് 5ന് ചോദ്യപേപ്പര്‍ എടുത്ത ശേഷം ഹസാരി ബാഗില്‍ ചോദ്യപേപ്പറിലെ ശരിയായ ഉത്തരം കണ്ടെത്താനറിയുന്ന വിദഗ്ധരായ ഏതാനും വിദ്യാര്‍ത്ഥികളെ ഹസാരിബാഗില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇവര്‍ തലേ ദിവസം തന്നെ സിറ്റിയില്‍ വന്ന് തമ്പടിച്ചവരാണ്. ഇവരെ ഹസാരിബാഗിലേക്ക് കൊണ്ടുവന്നത് നേരത്തെ നടത്തിയ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിക്കൊടുക്കാന്‍ ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പ്രത്യേക സ്ഥലങ്ങളില്‍ താമസമുറികള്‍ തയ്യാറാക്കിയിരുന്നു. ഈ താമസമുറികള്‍ ഒരുക്കിക്കൊടുത്തവരില്‍ ചിലരെയും സിബിഐ പിടികൂടിക്കഴിഞ്ഞു. ഇതില്‍ പലരും മിടുക്കരായ എംബിബിസ് വിദ്യാര്‍ത്ഥികളാണ്. ചിലര്‍ എയിംസില്‍ പഠിക്കുന്നവരാണ്. ഇവര്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പറിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ കണ്ടെത്തി.
ഈ ചോദ്യപേപ്പറും ശരിയുത്തരങ്ങളും പങ്കജ് കുമാര്‍ നേരത്തെ പണം വാങ്ങിയ നീറ്റ് പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുത്തു. പണം വാങ്ങി ചോദ്യപേപ്പറിന്റെ ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കിയ എയിംസിലേതുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ സിബിഐ അറസ്റ്റ് ചെയ്തുകഴിഞ്ഞു. പങ്കജ് കുമാര്‍ പലരുമായും ചേര്‍ന്നാണ് ഈ ഗൂഢപദ്ധതി തയ്യാറാക്കിയത്. ആ സംഘത്തിലെ ചിലരെ സിബിഐ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇനി മറ്റു ചിലരെക്കൂടി പിടികൂടാനുണ്ട്.
ശരിയുത്തരങ്ങള്‍ പഠിപ്പിക്കേണ്ട വിദ്യാര്‍ത്ഥികളെയും മുന്‍കൂട്ടി ചിലയിടങ്ങളില്‍ താമസിപ്പിച്ചിരുന്നു. അങ്ങിനെ താമസസൗകര്യം ഒരുക്കിക്കൊടുത്ത ചിലരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സംഘം ആളുകള്‍ ഈ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതേണ്ട കേന്ദ്രങ്ങളില്‍ എത്തിച്ചുകൊടുക്കാനായും പ്രവര്‍ത്തിച്ചു. ഇവരില്‍ ചിലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇനി ചോദ്യപേപ്പറും ഉത്തരങ്ങളും നേരത്തെ ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷാകേന്ദ്രങ്ങളില്‍ പോയി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ പിടികൂടാനുണ്ട്. അതിനുള്ള ശ്രമത്തിലാണ് സിബിഐ. – സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ താമസിപ്പിച്ച ഹസാരിബാഗിലെ രാജ് ഗസ്റ്റ് ഹൗസ് കഴിഞ്ഞ ദിവസവും സിബിഐ ടീം സന്ദര്‍ശിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ നേടാനായിരുന്നു ഇത്. ഇതിനിടെ ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ള വമ്പന്മാരിലേക്ക് എത്താന്‍ സഹായകമായിരുന്ന പങ്കജ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതില്‍ രാഷ്‌ട്രീയക്കാര്‍ അടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് രാഷ്‌ട്രീയ ഗൂഢാലോചനയാണോ എന്നും കരുതപ്പെടുന്നുണ്ട്. കാരണം 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പല സംസ്ഥാനങ്ങളിലും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച തിരിച്ചടിയായി മാറിയിരുന്നു. എന്തായാലും ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലെ സ്വകാര്യമായി സൂക്ഷിച്ച ട്രങ്ക് പെട്ടിയില്‍ നിന്നും ചോദ്യപേപ്പര്‍ എടുത്ത ശേഷം അതിന്റെ ഉത്തരങ്ങള്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് എഴുതി വാങ്ങിയ ശേഷം അത് പണം വാങ്ങിയ വിദ്യാര്‍ത്ഥികളില്‍ എത്തിച്ച ശേഷം പങ്കജ് കുമാര്‍ ആ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നാണ് പറയുന്നത്. എവിടെ ഉപേക്ഷിച്ചു, എങ്ങിനെ ഉപേക്ഷിച്ചു എന്നതിനൊന്നും ഇയാള്‍ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.
ഒയാസിസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇഹ്ഷാനുള്‍ ഹഖും സഹായി ഇംത്യാസ് ആലം, പ്രധാനപ്രതി പങ്കജ് കുമാര്‍, പരീക്ഷാപേപ്പര്‍ സോള്‍വ് ചെയ്യാന്‍ സഹായിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികള്‍, ഇവര്‍ക്ക് താമസസ്ഥലം ഒരുക്കിക്കൊടുത്തവര്‍ എന്നിവര്‍ ഉള്‍പ്പെടെ 36 പേരെ ഇതുവരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 33 കേന്ദ്രങ്ങളില്‍ സിബിഐ റെയ് ഡ് നടത്തി. നീറ്റ് ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നില്ലെന്നും അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2024ലെ നീറ്റ് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് വിശദമായ വാദം കേട്ട സുപ്രീം കോടതി വിധിച്ചത്. ആയിരം വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ടെങ്കില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് അഭിഭാഷകന്‍ നരേന്ദര്‍ ഹൂഡ വാദിച്ചത്. എന്നാല്‍ ഇത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞു. നീറ്റിന്റെ വിശ്വാസ്യത കളയാന്‍ ഈ ചോര്‍ച്ചയെ പെരുപ്പിച്ച് ഇന്ത്യ മുഴുവന്‍ ഇന്ത്യാമുന്നണി വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇത് നല്ലൊരു ശതമാനം വോട്ട് ബിജെപിക്ക് നഷ്ടപ്പെടുത്തി. ചില സംസ്ഥാനങ്ങള്‍ ഇതിന്റെ ചുവടു പിടിച്ച് കേന്ദ്രത്തിന് നിഷ്പക്ഷമായി ഒരു പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് ആരോപിച്ച് നീറ്റ് പരീക്ഷ റദ്ദാക്കിയതായി ചില പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകം, തൃണമൂല്‍ ഭരിയ്‌ക്കുന്ന ബംഗാള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതും ഇന്ത്യാമുന്നണിയുടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണെന്ന് വേണം കരുതാന്‍. തമിഴ്നാട്ടില്‍ നീറ്റ് വിവാദം ഉയര്‍ത്തിക്കാട്ടി ഡിഎംകെ നേതാക്കള്‍ മെഡിക്കല്‍ സീറ്റുകള്‍ വിറ്റുതുടങ്ങിയതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു. പല ഡിഎംകെ, എഐഎ ഡിഎംകെ നേതാക്കള്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും തമിഴ്നാട്ടില്‍ മെഡിക്കല്‍ കോളെജുകളുണ്ട്. ഇവയിലെ സീറ്റുകള്‍ നീറ്റ് പരീക്ഷ വരുന്നതിന് മുന്‍പേ കോടിക്കണക്കിന് രൂപ വാങ്ങി ദ്രാവിഡ പാര്‍ട്ടികളെ നേതാക്കള്‍ വിറ്റുകൊണ്ടിരുന്നത്. നീറ്റ് പരീക്ഷ വന്നതോടെ അവര്‍ക്ക് സീറ്റുകള്‍ വില്‍ക്കാന്‍ കഴിയാതായി. അതാണ് അവരുടെ നീറ്റിനെതിരായ രോഷത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരുവന്നൂരിലെ ബാങ്ക് എങ്ങിനെയാണോ കേരളത്തിലെ സിപിഎമ്മിന്റെ പണപ്പെട്ടിയായിരുന്നത്, അതുപോലെയാണ് മെഡിക്കല്‍ കോളെജുകള്‍ ദ്രാവിഡപാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തിന്റെ ഉറവിടം ആയി പ്രവര്‍ത്തിച്ചിരുന്നത്.
23 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷ. അതിനര്‍ത്ഥം 23 ലക്ഷം കുടുംബങ്ങള്‍. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെച്ച് കൂട്ടിയാല്‍ അത് ഒരു കോടിയിലധികം ഇന്ത്യന്‍ പൗരന്മാര്‍ വരും. അത്തരമൊരു പരീക്ഷയെ കളങ്കപ്പെടുത്താല്‍ അത് മോദിയ്‌ക്ക് എതിരായ വടിയാകുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഈ ചോദ്യത്തിന് മാത്രമേ ഇനി ഉത്തരം കിട്ടേണ്ടതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: