കൊച്ചി: ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴിയുള്ള മദ്യവിൽപ്പന കേരളത്തിലെ ക്രമസമാധാനനില തകർക്കുമെന്ന് സീറോ മലബാർസഭാ അൽമായ ഫോറം.. ബിയറും വൈനും ഉൾപ്പെടെയുള്ള വീര്യംകുറഞ്ഞ മദ്യം വീടുകളിലും മറ്റും ഓൺലൈൻ വഴി വിൽക്കാൻ അനുമതിതേടി ഇ-വാണിജ്യക്കമ്പനികൾ സർക്കാരിനെ സമീപിച്ചത് കേരളത്തിലെ സാധാരണക്കാരുടെ കുടുംബങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുമെന്നും ഫോറം കുറ്റപ്പെടുത്തുന്നു.
കേരളം, ദൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സാധാരണ കുടുംബങ്ങളെ തകർക്കുന്ന ഇത്തരം ഓൺലൈൻ മദ്യവിൽപ്പനക്കുള്ള അനുമതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകരുതെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.
സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള ഇത്തരം അധാർമിക കൂടിയാലോചനകൾ സാധാരണ കുടുംബങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സാധരണ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. പ്രായപരിധിയില്ലാത്തതിനാൽ കുട്ടികളും യുവജനങ്ങളും എളുപ്പത്തിൽ മദ്യത്തിന് അടിമകളാകും. വലിയ ജനസംഖ്യയുള്ള നഗരങ്ങളിൽ ഭക്ഷണവും മറ്റും ഓൺലൈനായി വാങ്ങുന്നതു കൂടിയതിനാൽ മദ്യത്തിനും ആവശ്യക്കാരുണ്ടെന്നാണ് കമ്പനികളുടെ വാദം. ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായുള്ള റിപ്പോർട്ടുകൾ അടുത്ത ആശങ്ക ഉയർത്തുന്നു.
ബെവ്റേജസ് കോര്‍പറേഷന്റെ ആയാലും കണ്‍സ്യൂമര്‍ഫെഡിന്റെ ആയാലും നിലവിലെ അംഗബലം കൊണ്ട് ഹോംഡെലിവറി കഴിയില്ല. സ്വകാര്യ കരാറുകാരെ ഏല്‍പിക്കേണ്ടിവരുമെന്ന് ഉറപ്പ്. അപ്പോള്‍ വില്‍പനശാലയില്‍ നിന്ന് കൊടുത്തയക്കുന്ന മദ്യം തന്നെയാണ് ലക്ഷ്യത്തില്‍ എത്തുന്നത് എന്നുറപ്പാക്കാന്‍ എന്ത് സംവിധാനമുണ്ട്? വഴിയില്‍ വച്ച് വ്യാജന്‍ കയറുന്നില്ലെന്ന് ഉറപ്പാക്കാനാകില്ല. മദ്യദുരന്തം പോലെയുള്ള അട്ടിമറിസാധ്യത പോലും പരിഗണിക്കേണ്ടി വരും. ലൈസന്‍സ് എടുത്ത് നടത്തുന്ന ബാറുകളില്‍ പോലും വ്യാജ വിദേശമദ്യം വിറ്റഴിക്കുന്നത് കേരളത്തിലെ സാഹചര്യത്തില്‍ ഇത് വലിയ വെല്ലുവിളി തന്നെയാണ്.
നാടിന്റെ താൽപര്യങ്ങളും അവകാശങ്ങളും നടപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് പകരം, പലപ്പോഴും, ഇത്തരം മദ്യ മാഫിയകളുടെ താൽപര്യമാണ് നടപ്പാക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് എന്നുള്ള ഭീകരാവസ്ഥ സംസ്ഥാനത്ത് വളർന്നുവരികയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി സംഘടിതപ്രസ്ഥാനങ്ങളിൽ ഇല്ലാതാവുകയും ചെയ്യുന്നു. ഈ സ്ഥിതി ജനങ്ങളെ നിരാലംബരാക്കുന്നു. ജീവിത സംഘർഷങ്ങൾ വർധിപ്പിക്കുന്നു.ഇതിലെ പ്രധാന വില്ലൻ മദ്യമാണെന്നിരിക്കെ അതിനെ പ്രതിരോധിക്കാൻ ജനങ്ങളും അവരുടെ വിവിധ പ്രസ്ഥാനങ്ങളും ഇന്നത്തെ സാഹചര്യത്തിൽ മുന്നിട്ടിറങ്ങുക തന്നെ വേണം.
സ്വന്തം കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാനും തൃപ്‌തികരമായി ജീവിക്കാനും ഉള്ള ജനങ്ങളുടെ അവകാശം മദ്യപാനം ഇല്ലാതാക്കുകയാണ്. ശക്തമായൊരു പോരാട്ടത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ. മദ്യം ഇത്തരം പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ കേരളത്തിലെ പൗരസമൂഹം ഓൺലൈൻ മദ്യവ്യപാരത്തിനെതിരെ രംഗത്ത് വരണം.കേരളം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയിൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി ജനനന്മയെ ലക്ഷ്യം വെയ്‌ക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും സർക്കാരിന്റെ ഓൺലൈൻ മദ്യവ്യാപാരത്തിനെതിരെ രംഗത്തിറങ്ങണമെന്ന് സീറോ മലബാർസഭാ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: