പിണറായി സര്‍ക്കാരിനെതിരെ ഗുരുതരമായ ഒരു അഴിമതി ആരോപണം കൂടി വന്നിരിക്കുന്നു. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് അറുപത് ലക്ഷം രൂപയ്‌ക്ക് കരാര്‍ ഉണ്ടാക്കിയെന്നും, ഇതില്‍ ഇരുപത്തിരണ്ട് ലക്ഷം രൂപ സിപിഎമ്മിന്റെ കോഴിക്കോടുള്ള പ്രമുഖ നേതാവ് കൈപ്പറ്റിയെന്നും ഒരു കോഴിക്കോട് സ്വദേശിതന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് പിഎസ്‌സി പദവി നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരനായ ഡോക്ടറില്‍നിന്ന് പണം കൈപ്പറ്റുകയായിരുന്നുവത്രേ. ഡിവൈഎഫ്‌ഐ നേതാവായിരിക്കെ മുഹമ്മദ് റിയാസിന്റെ വലംകൈയായി പ്രവര്‍ത്തിച്ചയാളാണ് അഴിമതിക്ക് ഇടനിലക്കാരനായതെന്നാണ് വിവരം. പിഎസ്‌സി അംഗത്വത്തിന് അറുപത് ലക്ഷം രൂപയാണ് കോഴ ഉറപ്പിച്ചതെങ്കിലും ഇത് ലഭിക്കാതെ വന്നപ്പോള്‍ ആയുഷ് വകുപ്പില്‍ ഉയര്‍ന്ന സ്ഥാനം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. ഇതും നടക്കാതെ വന്നപ്പോള്‍ പണം കൊടുത്തയാള്‍ പാര്‍ട്ടിക്ക് പരാതി നല്‍കുകയാണുണ്ടായത്. അഴിമതിത്തുക ഫോണില്‍ പറഞ്ഞുറപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുള്ളതിനാല്‍ ആരോപണ വിധേയര്‍ക്ക് അത്രവേഗമൊന്നും രക്ഷപ്പെടാനാവില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിപിഎം അന്വേഷണം നടത്തിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം രഹസ്യമാക്കി വച്ചു. അതുകൊണ്ടായിരിക്കണം പരാതിക്കാരനു തന്നെ വെളിപ്പെടുത്തല്‍ നടത്തേണ്ടി വന്നത്. സംഭവം പുറത്തായതോടെ സിപിഎം നേതൃത്വവും പിണറായി സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. ആരോപണം ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടി നേതാവിനും പൊതുമരാമത്ത് മന്ത്രിക്കും എതിരെയായതിനാല്‍ സിപിഎമ്മും സര്‍ക്കാരും മറുപടി പറയേണ്ടിവരും.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആദ്യമായല്ല അഴിമതി ആരോപണം ഉയരുന്നത്. മദ്യനയത്തില്‍ മാറ്റം വരുത്താമെന്നുപറഞ്ഞ് ടൂറിസം മന്ത്രികൂടിയായ റിയാസിന്റെ നിര്‍ദ്ദേശപ്രകാരം ബാര്‍ ഉടമകളില്‍ നിന്ന് പണം പിരിക്കാന്‍ തീരുമാനിച്ചുവെന്ന വിവരം വലിയ വിവാദമായിട്ട് അധികനാളായില്ല. എക്‌സൈസ് വകുപ്പിനെ അറിയിക്കാതെ ടൂറിസം സെക്രട്ടറിയെക്കൊണ്ട് ചില ബാറുടമകളേയും പങ്കെടുപ്പിച്ച് യോഗം വിളിപ്പിച്ചത് മന്ത്രി റിയാസാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. നിശ്ചിത തുക വീതം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരില്‍നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാനാവില്ലെന്ന് ഒരു ബാറുടമതന്നെ പറഞ്ഞത് മന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി. യോഗം നടന്ന സ്ഥലവും തീയതിയും ആരാണ് യോഗം വിളിച്ചുകൂട്ടിയതെന്നും ആരെല്ലാമാണ് പങ്കെടുത്തതെന്നുമൊക്കെയുള്ള വിവരങ്ങള്‍ വെളിപ്പെട്ടിട്ടും തനിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിയുകയാണ് മന്ത്രി റിയാസ് ചെയ്തത്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച മന്ത്രിക്ക് പലതവണ മാറ്റിപ്പറയേണ്ടിവന്നു. അഴിമതി മൂടിവയ്‌ക്കേണ്ടത് ആവശ്യമായതിനാല്‍ ബാറുടമകളും പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം നിന്നു. പൊതുമരാമത്ത് വകുപ്പിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലും മന്ത്രി റിയാസിനുനേര്‍ക്ക് അഴിമതി ആരോപണങ്ങള്‍ വന്നിട്ടുണ്ട്. സിപിഎമ്മുമായി സഹകരിക്കുന്ന ഒരു സൊസൈറ്റിക്ക് സര്‍ക്കാര്‍ കോടികളുടെ കരാര്‍ നല്‍കുകയും അതിന്റെ വിഹിതം പാര്‍ട്ടിയും നേതാക്കളും മന്ത്രിമാരുമൊക്കെ കൈപ്പറ്റുകയാണെന്നുമുള്ള ആരോപണം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. ശരിയായ അനുപാതത്തില്‍ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ച റോഡുകളും പാലങ്ങളും മറ്റും തകര്‍ന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടും മുഹമ്മദ് റിയാസ് സംരക്ഷിക്കപ്പെട്ടു. കാര്യമായ അഴിമതികള്‍ ഒന്നുമില്ലാതെ പൊതുമരാമത്ത് ഭരിച്ച ജി. സുധാകരന്റെ വിരുദ്ധധ്രുവത്തിലാണ് മുഹമ്മദ് റിയാസ് എന്ന വിമര്‍ശനം പാര്‍ട്ടിയില്‍ തന്നെയുണ്ട്.
അഴിമതിയാണ് പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഴിമതികള്‍ക്ക് ഭൂഖണ്ഡാതര വ്യാപ്തിയുണ്ടെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ഇത് ശരിവയ്‌ക്കുകയും ചെയ്യുന്നു. ഈ അഴിമതി സാമ്രാജ്യത്തെ നിയന്ത്രിക്കാനാണ് മുഖ്യമന്ത്രി ഇടക്കിടെ നടത്തുന്ന വിദേശ യാത്രകളെന്നുപോലും സംശയമുയര്‍ന്നിട്ടുണ്ട്. ഭരണസംവിധാനം ഉപയോഗിച്ച് വന്‍തോതില്‍ അഴിമതി നടത്തുകയാണെന്ന ആരോപണം പല കോണുകളില്‍ നിന്നുയര്‍ന്നിട്ടും മുഖ്യമന്ത്രിക്ക് യാതൊരു കൂസലുമില്ല. അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. പിഎസ്‌സി അംഗത്വം നല്‍കാമെന്നു പറഞ്ഞു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ മരുമകനായ മന്ത്രിയെ പ്രതിരോധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. നാട്ടില്‍ പല തട്ടിപ്പുകള്‍ നടക്കുന്നുവെന്നും, അതിനെതിരെ നടപടിയെടുക്കുമെന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നത് ആരും വിശ്വാസത്തിലെടുക്കില്ല. തട്ടിപ്പ് നടത്തുന്നവരില്‍ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ഉണ്ടെന്നതാണ് പ്രശ്‌നം. അവര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രം വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: