ഒട്ടേറെ ചരിത്രപുരുഷന്മാര്‍ കേരള മണ്ണില്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും അവരില്‍നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു സദാനന്ദ സ്വാമികള്‍. ഒരുകാലത്ത് തിളക്കമാര്‍ന്നെങ്കിലും പിന്നീട് സദാനന്ദ സ്വാമികളെക്കുറിച്ച് ആരും അറിഞ്ഞില്ല. എന്നാല്‍ ചെന്താരശ്ശേരിയും ഞാനും അയ്യന്‍കാളി ചരിതം തേടിനടക്കുന്ന ഘട്ടത്തിലാണ് കേരളീയ സമൂഹം തിരസ്‌കരിച്ച സദാനന്ദ സ്വാമികളെക്കുറിച്ചറിയുന്നത്. മഹാനായ അയ്യന്‍കാളിയെ അയ്യന്‍കാളിയാക്കാന്‍ കാരണഭൂതനായ വ്യക്തിത്വമാണ് വേദഗുരു സദാനന്ദ സ്വാമികള്‍. അതുകൊണ്ടാണ് എന്റെയും ചെന്താരശ്ശേരിയുടെയുമൊക്കെ അയ്യന്‍കാളി ചരിതങ്ങളില്‍ സദാനന്ദ സ്വാമികള്‍ കയറിവന്നത്.
ഈ സന്ദര്‍ഭത്തിലാണ് ചരിത്രഗവേഷകനായ ഡോ. സുരേഷ് മാധവ്, സദാനന്ദപുരത്തെ അവധൂതാശ്രമത്തില്‍ ഒരു ഉള്‍വിളിപോലെ എത്തി, സ്വാമിയുടെ രണ്ടാംവരവിന് അരങ്ങൊരുക്കുന്നത്. 2009 ല്‍ അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതിയുമായി സംഭാഷണം നടത്താനും, സദാനന്ദ സ്വാമി-അയ്യന്‍കാളി ബന്ധത്തെക്കുറിച്ച് കൂടുതല്‍ അറിയാനും സുരേഷ് മാധവിന് കഴിഞ്ഞു. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, തപസ്വി ഓമല്‍, വാഗ്ഭടനാനന്ദ ഗുരു തുടങ്ങിയ മഹാത്മാക്കളുടെ അപൂര്‍വ രേഖകള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ച സുരേഷ് മാധവിന് സദാനന്ദ സ്വാമിയുടെ ജീവചരിത്ര രചന ഒരു വെല്ലുവിളി തന്നെയായിരുന്നു. ആവശ്യമായ രേഖകള്‍ കിട്ടാനുണ്ടായിരുന്നില്ല. സദാനന്ദ വിലാസം, കേരള ധര്‍മ്മം, കേരളന്‍, സുമംഗല തുടങ്ങിയ നൂറുവര്‍ഷം പഴക്കമുള്ള മാസികകള്‍ പഴയ ഗ്രന്ഥശാലകളില്‍നിന്ന് തേടിപ്പിടിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ഇങ്ങനെയുള്ള നിരന്തരമായ പഠനഗവേഷണങ്ങളുടെ ഫലമാണ് ‘വേദഗുരു സദാനന്ദ സ്വാമികള്‍’ എന്ന ജീവചരിത്രഗ്രന്ഥം. സദാനന്ദ സ്വാമികളെക്കുറിച്ചുള്ള ഏറ്റവും ബൃഹത്തും ആധികാരികവുമായ ആദ്യത്തെ ജീവചരിത്രമാണിത്. സ്വാമിയുടെ നൂറാം സമാധിവര്‍ഷത്തില്‍ മലയാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് ഈ പുസ്തകം.
ജീവചരിത്രത്തിലേക്ക് കടന്നാല്‍ അടിയാളരുടെ വേദഗുരു എന്ന ഒന്നാം അധ്യായം മുതല്‍ ‘അഖിലലോക ക്ഷേമപ്രവര്‍ത്തകന്‍’ എന്ന പതിനെട്ടാം അധ്യായംവരെ വേദഗുരുവിന്റെ ജീവിതവും ദര്‍ശനവും അനാവരണം ചെയ്തിരിക്കുന്നു. സ്വാമിയുടെ സിലോണ്‍ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. 1921 മുതല്‍ 1923 വരെയുള്ള കാലയളവിലാണ് സദാനന്ദ സ്വാമികള്‍ സിലോണില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയത്. ഈ പ്രസംഗങ്ങള്‍ സംഘടിപ്പിക്കാനും സാരം സംഗ്രഹിച്ച് അവതരിപ്പിക്കാനും ഗ്രന്ഥകര്‍ത്താവിന് കഴിഞ്ഞിട്ടുണ്ട്. ദേവക്കോട്ട വീരബാഹുപ്പിള്ള, ടി.കെ. രാമഭദ്ര ശര്‍മ്മ എന്നീ ഗൃഹസ്ഥ ശിഷ്യന്മാരാണ് സ്വാമികളുടെ പ്രസംഗങ്ങള്‍ സമാഹരിച്ചിരുന്നത്. ഒരായുസ്സുകൊണ്ട് പറഞ്ഞു തീരാനാവാത്ത കാര്യങ്ങളാണ് അരനൂറ്റാണ്ടിനുള്ളിലെ ഇഹലോകജീവിതത്തിനിടയില്‍ സ്വാമി പറഞ്ഞത്. ഹിന്ദുമതത്തില്‍ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങളെ തൂത്തെറിഞ്ഞ് ശുദ്ധീകരിക്കാനായിരുന്നു ആ സംന്യാസിവര്യന്‍ നാലുപതിറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന ജീവിതസപര്യകൊണ്ട് ശ്രമിച്ചതെങ്കിലും ആ മഹാനുഭാവനെ തമസ്‌കരിക്കാനും, കണ്ടില്ലെന്നു നടിക്കാനുമാണ് കേരളത്തിലെ നാഥനില്ലാത്ത ഹൈന്ദവസമൂഹം ശ്രമിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ സദാനന്ദ സ്വാമികള്‍, അടിസ്ഥാന ജനവിഭാഗമായ പുലയരുടെ കുട്ടികളെ വേദം ചൊല്ലിക്കൊടുത്തു പഠിപ്പിച്ചു. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വേദങ്ങള്‍ നിരോധിക്കപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന് വേദം ചൊല്ലിക്കൊടുത്ത് പഠിപ്പിക്കാന്‍ ഒരു സംന്യാസി ശ്രമിച്ചത്. അങ്ങനെ ‘അടിയാളരുടെ വേദഗുരു’വായി മാറുകയും ചെയ്തു. ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്ന പുലയര്‍ക്കുവേണ്ടി തിരുവനന്തപുരത്ത് പാച്ചല്ലൂരിന് സമീപം വണ്ടിത്തടത്ത് കാളഹസ്തീശ്വരാലയം ക്ഷേത്രം നിര്‍മ്മിച്ചു നല്‍കി. പുലയ സമുദായത്തില്‍പ്പെട്ട ഒരു യുവാവിന് ‘പരമശിവന്‍’ എന്ന പേരു നല്‍കി അവിടത്തെ പൂജാരിയുമാക്കി. ഇത്തരത്തിലൊരു ക്ഷേത്രവിപ്ലവം ഭാരതത്തിലെവിടെയങ്കിലും നടന്നിട്ടുണ്ടോ എന്നു സംശയമാണ്. 1853 ഫെബ്രുവരി 18 ന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഈഴവര്‍ക്കായി ഒരു ക്ഷേത്രം നിര്‍മിച്ചിരുന്നു. 1875 മാര്‍ച്ച് 6 ന് തപസ്വി ഓമല്‍ എന്ന പുലയസിദ്ധന്‍ കുറിയന്നൂര്‍ മയിലാടുംപാറയില്‍ പുലയ ശിവനെ പ്രതിഷ്ഠിച്ചതും ചരിത്രമാണ്. പിന്നെയും പതിമൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ശ്രീനാരായണഗുരു 1888 മാര്‍ച്ച് മാസത്തില്‍ അരുവിപ്പുറത്ത് ‘ഈഴവ ശിവനെ’ പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ഈഴവര്‍ക്കായി കേരളത്തിലുടനീളം നാരായണഗുരു ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിക്കൊണ്ടിരുന്ന കാലത്താണ് ബ്രഹ്മാനന്ദശിവയോഗി എന്ന യുക്തിവാദിയായ സംന്യാസി വിഗ്രഹാരാധനയ്‌ക്കെതിരെ രംഗത്തുവന്നത്. എന്നാല്‍ നാരായണഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠകളെ ന്യായീകരിച്ച് സംസാരിക്കാന്‍ സദാനന്ദ സ്വാമികള്‍ മുന്നോട്ടുവന്നു. ‘വിഗ്രഹാരാധന’ എന്ന പുസ്തകം അതിന് തെളിവാണ്. അവനവന്‍ തന്നെയാണ് ദൈവമെന്ന് ഉദ്‌ഘോഷിച്ച നാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതും ശ്രദ്ധേയമാണല്ലോ. സദാനന്ദസ്വാമിയുടെ മുഖ്യലക്ഷ്യം താഴ്‌ത്തപ്പെട്ടവരുടെ ഉയര്‍ച്ചയായിരുന്നു. അധഃസ്ഥിതര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹിന്ദുസമുദായങ്ങളെയും ഉള്‍പ്പെടുത്തി 1911 ലും 1914 ലും സദാനന്ദ സ്വാമികള്‍ നടത്തിയ പന്തിഭോജനങ്ങള്‍ ഇതുവരെയും ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നത് അത്ഭുതമായിരിക്കുന്നു! പൊതുസമൂഹത്തിന്റെ തുടക്കം മുതല്‍ അക്കാര്യത്തിലായിരുന്നു സ്വാമിയുടെ ഊന്നല്‍. അതല്ലേ ഭാരതത്തിലെ ഒരു സംന്യാസിവര്യനും ചെയ്യാത്തവിധം പുലയക്കുട്ടികളെ വേദം പഠിപ്പിക്കാന്‍ സദാന്ദസ്വാമികള്‍ മുതിര്‍ന്നത്! ആരുടേയും ഇംഗിതങ്ങള്‍ക്ക് വിധേയപ്പെട്ടല്ല സദാനന്ദ സ്വാമികള്‍ ഈ ലോകത്ത് ജീവിച്ചതും സമാധി അടഞ്ഞതും. അതിശയകരമായ കര്‍മ്മശക്തിയോടുകൂടിയ ഒരു സംന്യാസിയായിരുന്നു അദ്ദേഹമെന്ന് സുരേഷ് മാധവിന്റെ രചന നമുക്ക് വ്യക്തമാക്കിത്തരുന്നു.
1905 ഏപ്രില്‍ 21 ന് തിരുവനന്തപുരം നേറ്റീവ് ഹൈസ്‌കൂളില്‍ ചേര്‍ന്ന ചിത്‌സഭാ മഹാവാര്‍ഷിക തൃതീയ സമ്മേളനത്തിലെ ഉപസംഹാര പ്രസംഗത്തില്‍ സദാനന്ദ സ്വാമികള്‍ ഇത്രയും കൂടി പറഞ്ഞു: ”ഹിന്റുയിസം, മുഹമ്മദാനിസം, ബുദ്ധിസം, തീസം, എത്തീസം, അഗ്നാസ്ടിസം… ഈ മതങ്ങള്‍ക്ക് ഓരോ സ്ഥാപകന്മാര്‍ ഉണ്ട്. കേരളത്തില്‍ എങ്ങനെയോ കടന്നുകൂടി അതിന്റെ ശ്രേയോമാര്‍ഗ്ഗങ്ങളെ മലിനപ്പെടുത്തി ഊര്‍ജസ്വലമായി പടര്‍ന്നുകിടക്കുന്ന ‘ഡൊണ്‍സ് ടച്ചിസം’ (അയിത്തം) എന്ന മതത്തിന്റെ നായകന്‍ ആരാണെന്ന് അറിയുന്നില്ല. അത്ഭുതം! തീണ്ടല്‍, തൊടീല്‍ മുതലായവയെ രക്ഷിക്കുന്നതിനായിട്ടാണ് ജാതിവ്യത്യാസം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിചാരിക്കുന്നതും കേവലം അസംഗതമാകുന്നു” (പേജ് 276). ജാതിവ്യത്യാസം നിസ്സാരമായി ചര്‍ച്ച ചെയ്ത് തള്ളുവാനുള്ള ഒന്നല്ലെന്ന് സദാനന്ദസ്വാമികള്‍ക്കറിയാമായിരുന്നു. അതിന്റെ ബലിയാടുകളായിരുന്നു കേരളത്തിലെ അയിത്തജാതിക്കാര്‍. അവരെ ഉയര്‍ത്തിയെടുക്കാന്‍വേണ്ടി അനവരതം പരിശ്രമിച്ച സ്വാമികള്‍ക്ക് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതും, തന്റെ ലക്ഷ്യങ്ങളുമായി സ്വാമികള്‍ മുന്നോട്ടുനീങ്ങുന്നതും ‘വേദഗുരു സദാനന്ദ സ്വാമികള്‍’ എന്ന കൃതിയില്‍ തെളിവുസഹിതം പ്രതിപാദിക്കുന്നുണ്ട്. ദളിതരുടെ നവോത്ഥാനഗുരു തന്നെയാണ് സദാനന്ദ സ്വാമികള്‍ എന്ന് ഈ പുസ്തകം വായിച്ചിരുന്നവര്‍ക്ക് ഉറപ്പായും പറയാന്‍ കഴിയും.
സദാനന്ദ സ്വാമികള്‍ നടത്തിയ മഹത്തായ വിപ്ലവങ്ങളെ ചില തല്‍പ്പര കക്ഷികള്‍ വിസ്മൃതാന്ധകാരത്തില്‍ തള്ളിയെങ്കിലും, ആ മഹാത്മാവ് ജനിച്ചു ജീവിച്ച് മണ്‍മറഞ്ഞ് നൂറുവര്‍ഷം കടക്കുമ്പോള്‍, വേദഗുരു സദാനന്ദ സ്വാമികളുടെ ജീവചരിത്രം, നീണ്ടകാലത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആധികാരികമായി നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. ഇത് സദാനന്ദ സ്വാമിയുടെ രണ്ടാംവരവ് തന്നെയാണ്.
















