കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. 3, 4, 5 വരെ പ്രതികളായ അരുണ്‍, ഷബിന് ലാല്‍, കെ. അതുല്‍ എന്നിവര്‍ക്ക് തലശേരി അഡീ. ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സംഭവം നടന്ന് 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു ജാമ്യം. ബോംബ് നിര്‍മാണത്തില്‍ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരാണ്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ വരുംദിവസങ്ങളില്‍ ശേഷിക്കുന്ന പ്രതികളും പുറത്തിറങ്ങിയേക്കും.
ബോംബ് നിര്‍മാണത്തിനിടെ നടന്ന പൊട്ടിത്തെറിയില്‍ സിപിഎം അനുഭാവി ഷെറില്‍ കൊല്ലപ്പെടുകയും പാര്‍ട്ടി അനുഭാവി വിനീഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസിന്റെ അനാസ്ഥ കാരണമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആളൊഴിഞ്ഞ വീട്ടില്‍ വച്ച് സിപിഎം സംഘം ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. ബോംബ് നിര്‍മാണത്തില്‍ യാതൊരു പങ്കും പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ് നിഷേധിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ട ഷെറിലിന്റെ സംസ്കാര ചടങ്ങിലടക്കം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ബോംബ് പൊട്ടിയ സ്ഥലത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പോയി പാര്‍ട്ടി സഖാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ സംഭവവുമായി കൂട്ടത്തോടെ അറസ്റ്റിലായത്തോടെ പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: