ചിറയിന്‍കീഴ്: മത്സ്യത്തൊഴിലാളികള്‍ വിവിധ കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന, മത്സ്യബന്ധനത്തിന് ഏറെ അപകടകരമായ, അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും അവിടത്തെ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും കേള്‍ക്കുന്നതിനും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് മുതലപ്പൊഴി സന്ദര്‍ശിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനും കേന്ദ്ര ഉദ്യോഗസ്ഥ സംഘവും മന്ത്രിയെ അനുഗമിച്ചു.
ഇന്നലെ പകല്‍ 11 മണിയോടെയാണ് മന്ത്രിയും സംഘവും അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിയത്. മുതലപ്പൊഴിയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഈ ദയനീയാവസ്ഥ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി. മുരളീധരന് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മൂന്നാം മോദി മന്ത്രിസഭയിലെ ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ജോര്‍ജ് കുര്യന് ചുമതലയേറ്റ ഉടന്‍ മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും കൊണ്ടുവന്നു. തുടര്‍ന്നാണ് ഇന്നലെ മന്ത്രി ഹാര്‍ബറില്‍ എത്തിയത്. മന്ത്രി ഏറെനേരം അവിടെ ചെലവിടുകയും മത്സ്യത്തൊഴിലാളികളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കുകയും ചെയ്തു. പ്രാദേശിക നേതാക്കളും മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പുലിമുട്ട് മൂലമുള്ള ബുദ്ധിമുട്ടും മണല്‍ കൊണ്ടുണ്ടാകുന്ന ദുരിതവും ഓരോ സ്ഥലവും ചൂണ്ടിക്കാട്ടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് മന്ത്രിയും സംഘവും പരാതികള്‍ കേള്‍ക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറുടെ കാര്യാലയത്തില്‍ എത്തി. മുന്കൂട്ടിയറിച്ചതനുസരിച്ച് എത്തിയ ജനപ്രതിനിധികളും, തൊഴിലാളികളും, പൗരപ്രമുഖരുമായി ആശയവിനിമയം നടത്തുകയും പരാതികള്‍ കേള്‍ക്കുകയും, രേഖാമൂലമുള്ള പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. ഫാ. ലൂസിയാന്‍ തോമസ് അടക്കം തീരപ്രദേശത്തെ സഭാ പ്രതിനിധികളുടെ വലിയ പ്രാതിനിധ്യം അവിടെ ഉണ്ടായിരുന്നു. മുഴുവന്‍ പരാതികളും ഏറെസമയം ചെലവിട്ട് മന്ത്രിയും സംഘവും കേട്ടു. സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം ഡിപിആര്‍ തയ്യാറാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും അതനുസരിച്ച് മുതലപ്പൊഴിയില്‍ ശാശ്വതപരിഹാരത്തിന് തീവ്രനടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്കി.
മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമം നടത്തുന്ന മന്ത്രിയുടെ ഇടപെടലുകള്‍ക്ക് തടസം സൃഷ്ടിക്കാന്‍ അവിടെ രാപകല്‍ സമരം നടത്തീവരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്ന് ആ ശ്രമം പരാജയപ്പെടുത്തി. ഇത് ചെറിയ ഉന്തിലും തള്ളിലും കലാശിച്ചു. മന്ത്രി പോയശേഷം യോഗം നടന്ന കാര്യാലയത്തിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: