ലീപ്സിഗ്: യൂറോ കപ്പില്‍ കടുത്ത ഗ്രൂപ്പില്‍ നിന്നും ജേതാക്കളായ് മുന്നേറിയ ഓസ്ട്രിയ ആദ്യ നോക്കൗട്ട് മത്സരത്തില്‍ തോറ്റ് പുറത്തായി. അവസാന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തുര്‍ക്കി ആണ് അവരെ തോല്‍പ്പിച്ചത്. അത്യുഗ്രന്‍ കളി പുറത്തെടുത്തിട്ടും സ്കോറിങ്ങില്‍ എതിരാളികളെ കവച്ചുവക്കാനാകാതെ ഓസ്ട്രിയയുടെ കുതിപ്പ് അവസാനിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങളുമായാണ് ഓസ്ട്രിയ നിലകൊണ്ടത്. പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച തുര്‍ക്കി കിട്ടിയ അവസരങ്ങളില്‍ മാത്രമാണ് മൂന്നേറിയത്. വെറും മൂന്ന് ഓണ്‍ ടാര്ജറ്റുകള്ക്കേ ഓസ്ട്രിയ ശ്രമിച്ചുള്ളൂ. അതില്‍ രണ്ടെണ്ണം ഗോളാക്കാനായി. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രതിരോധ താരം മെറിഹ് ഡെമിറല്‍ തൂര്‍ക്കിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി തീരും വരെ ഓസ്ട്രിയ കിണഞ്ഞു ശ്രമിച്ചിട്ടും ഗോള്‍ കണ്ടെത്താനായില്ല. ഈ സമയത്തെല്ലാം തുര്‍ക്കി പാടെ നിറംമങ്ങിയ നിലയിലായിരുന്നു.
മത്സരം രണ്ടാം പകുതിയിലേക്ക് നീണ്ടപ്പോഴും ഓസ്ട്രിയയുടെ കളിവീര്യം ചോര്‍ന്നില്ല. പക്ഷെ അവരെ ഞെട്ടിച്ചുകൊണ്ട് 59-ാം മിനിറ്റില്‍ ഡെമിറല്‍ ഇരട്ടഗോള്‍ തികച്ചു. തുര്‍ക്കി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായി. ഏഴ് മിനിറ്റിനകം ഓസ്ട്രിയ നേടിയടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും അവര്‍ക്ക് ആശ്വാസം കണ്ടെത്താനായി. മൈക്കല്‍ ഗ്രിഗോറിശ്ച് ഓസ്ട്രിയയ്ക്കായി ഒരു ഗോള്‍ മടക്കി. പക്ഷെ പിന്നീട് ഒന്നും ചെയ്യാന്‍ ടീമിന് സാധിച്ചില്ല. ഒടുവില്‍ തുര്‍ക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
നേരത്തെ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, പോളണ്ട് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എഫില്‍ പോര്‍ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് തുര്‍ക്കി ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് ആണ് തുര്‍ക്കിയുടെ എതിരാളികള്‍. ശനിയാഴ്ചയാണ് ഇവര്‍ തമ്മിലുള്ള പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: