Sports

പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും സമനില; രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍; വെസ്ലി സോയെ തോല്‍പിച്ച് അലിറെസ ഫിറൂഷയും രണ്ടാംസ്ഥാനത്ത്

ബുക്കാറെസ്റ്റ്: പ്രജ്ഞാനന്ദയ്‌ക്കും ഡി.ഗുകേഷിനും സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസിന്റെ ആറാം റൗണ്ടില്‍ സമനില. ഇതോടെ മൂന്നര പോയിന്‍റ് വീതം നേടി ഇരുവരും രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

പ്രജ്ഞാനന്ദ റൊമാനിയയുടെ ഡിയാക് ബോഗ് ഡന്‍ ഡാനിയേലുമായുള്ള മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലനായ എതിരാളിയാണെങ്കിലും‍ ഡിയാക് ബോഗ് ‍ഡന്‍ ഡാനിയേലിനെ തോല്‍പിക്കാന്‍ പ്രജ്ഞാനന്ദയ്‌ക്കായില്ല. ഒടുവില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു. നിംസൊ ഇന്ത്യന്‍ ഓപ്പണിംഗിലാണ് കളി തുടങ്ങിയതെങ്കില്‍ പിന്നീട് അത് കിംഗ്സ് ഇന്ത്യനിലേക്ക് വഴിമാറി.

ഡി. ഗുകേഷ് ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവുമായുള്ള മത്സരവും സമനിലയില്‍ അവസാനിച്ചു. പരിചയസമ്പന്നനായ സീനിയര്‍ കളിക്കാരനായതിനാല്‍ മാക്സിം വാചിയര്‍ ലെഗ്രാവുമായി മൃദുസമീപനത്തോടെയാണ് ഗുകേഷ് കളിച്ചത്. റുയിലോപസ് ഓപ്പണിംഗിലെ മാര്‍ഷല്‍ അറ്റാക്കാണ് മാക്സിം വാചിയര്‍ ലെഗ്രാവ് പുറത്തെടുത്തത്. 18ാം നീക്കത്തില്‍ മാക്സിം വാചിയര്‍ ലെഗ്രാവ് ഗുകേഷിനെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ ആക്രമണം. ഇതിന് മറുപടി നീക്കം നടത്താന്‍ ഗുകേഷ് 44 മിനിറ്റാണ് എടുത്തത്. അതിശയിപ്പിക്കുന്ന രീതിയില്‍ പ്രതിരോധം തീര്‍ക്കാനുള്ള ഗുകേഷിന്റെ മിടുക്കാണ് ഇത്തവണയും തോല്‍വിയിലേക്ക് വഴുതിപ്പോകാതെ കളിയെ നിയന്ത്രിക്കാന്‍ താരത്തെ സഹായിച്ചത് പക്വതയാര്‍ന്ന ഗുകേഷിന്റെ മറുപടിയില്‍ 33 കാരനായ മാക്സിം വാചിയര്‍ ലെഗ്രാവും അമ്പരന്നിരിക്കണം. കളി സമനിലയില്‍ കലാശിച്ചു. ഫാബിയാനോ കരുവാനയും തോറ്റ മാക്സിം വാചിയര്‍ ലെഗ്രാവിനെ തനിക്കൊത്ത എതിരാളിയായി സങ്കല്‍പിച്ച് കളിച്ചു എന്നത് പ്രജ്ഞാനന്ദയുടെ സമീപനത്തിലുള്ള മാറ്റമാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം അധികം റിസ്കെടുക്കാതെ കളിക്കുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആറാം റൗണ്ടിലെ തിളക്കമാര്‍ന്ന പ്രകടനം ഫ്രാന്‍സിന്റെ അലിറെസ് ഫിറൂഷയുടേതായിരുന്നു. യുഎസിന്റെ വെസ്ലി സോയെ തോല്പിച്ച് അലിറെസ ഫിറൂഷ തന്റെ വരവ് അറിയിച്ചിരിക്കുകയാണ്. പൊതുവേ അപകടകാരിയായ താരമാണ് അലിറെസ ഫിറൂഷ. വെസ്ലി സോ കളിയുടെ തുടക്കത്തില്‍ വരുത്തിയ ഒരു പിഴവ് മുതലെടുത്താണ് ഫിറൂഷ വിജയം കൊയ്തത്. നേരത്തെ ഇങ്ങിനെയൊരു സന്ദര്‍ഭത്തില്‍ കാസ്പറോവ് കളിച്ച കളിയാണ് ഫിറൂഷ പിന്തുടര്‍ന്നത്. ഏറെ പഠിക്കുകയും തയ്യാറെടുപ്പുകളും നടത്തുന്ന കളിക്കാരനാണ് ഫിറൂഷ. ഇതോടെ മൂന്നര പോയിന്റെ നേടി അലിറസ ഫിറൂഷയും രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

യുഎസിന്റെ ഫാബിയാനോ കരുവനായും റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചതോടെ ഫാബിയാനോ നാല് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ 2023ലെ ചാമ്പ്യനായ ഫാബിയാനോ കരുവാന ഇക്കുറിയും കിരീടം നേടുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ അങ്ങേയറ്റം കയ്യടക്കത്തോടെയാണ് കരുവാന കളിയ്‌ക്കുന്നത്. മാത്രമല്ല, യുഎസ് താരങ്ങളും ലോക രണ്ടും മൂന്നും റാങ്കുകാരുമായതിനാല്‍ പരസ്പരം കളിക്കുമ്പോള്‍ അങ്ങേയറ്റം ബഹുമാനം നല്‍കിയാണ് ഇരുവരും കളിക്കുന്നത്. കഴിഞ്ഞ 16 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും സമനിലയിലാണ് പിരിഞ്ഞിരിക്കുന്നത്. നല്ല ഫോമിലല്ലാത്ത ഇയാന്‍ നെപോമ്നിഷി ഈ സമനിലയോടെ മൂന്ന് പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം റാങ്കുകാരനായ ഇയാന്‍ നെപോമ്നിഷിയ്‌ക്ക് കിരീടസാധ്യത കല്‍പിച്ചുവെങ്കിലും ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദയും ഗുകേഷും നെപോമ്നിഷിയേക്കാള്‍ പ്രകടനത്തില്‍ ഏറെ മുന്നിലാണ്.

ഉസ്ബെകിസ്ഥാന്റെ നോഡിബെക് അബ്ദുസത്തൊറൊവും യുഎസിന്റെ അനീഷ് ഗിരിയും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കുറി ടൂര്‍ണ്ണമെന്‍റിലെ മൂന്നാം റാങ്കുകാരനാണെങ്കിലും അബ്ദു സത്തൊറോവിന്റെ പ്രകടനം തീരെ മോശമാണ്. നേരത്തെ ഫാബിയാനോ കരുവാനയോട് അദ്ദേഹം തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക