കരുവാരക്കുണ്ട്(മലപ്പുറം): തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ തിരു- കൊച്ചിയായി ജനാധിപത്യ സംവിധാനം നിലവില്‍ വന്നിട്ട് 75 വര്‍ഷം തികഞ്ഞത് ഇന്നലെയായിരുന്നു. 1949 ജൂലൈ ഒന്നിനാണ് ‘തിരു-കൊച്ചി’ ലയനം. പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞാണ് കേരളം പിറന്നത്. അത് രേഖകളില്‍ ‘കേരള’ ആയത്, കേരള സര്‍ക്കാര്‍ ആയപ്പോഴാണ്. ഇപ്പോള്‍ കേരള ‘കേരളം’ ആക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
കേരള സര്‍ക്കാര്‍ ‘കേരളം സര്‍ക്കാര്‍’ ആകുമോ എന്ന കുസൃതിച്ചോദ്യങ്ങള്‍ ഒരുവശത്ത്, മറ്റു ചിലര്‍ കേരളം രണ്ടാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നു. അതിനിടെ പേരുമാറ്റിയാലും എന്ത് പരിഷ്‌കാരം കൊണ്ടുവന്നാലും ‘ഈ കേരളകള്‍’ നിലനില്ക്കുക തന്നെ ചെയ്യും. സംസ്ഥാനത്ത് പേര് മാറാനിടയില്ലാത്തതാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ‘കേരള.’ മലയോര ഹൈവേയില്‍ കാളികാവിനും കരുവാരക്കുണ്ടിനും ഇടയിലുള്ള പ്രദേശത്തിന്റെ രണ്ടു വശങ്ങളിലും ‘കേരള’ എന്ന് സ്ഥല നാമം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ കാണാം.
പ്രദേശത്തിലൂടെ ആദ്യമായി യാത്ര ചെയ്യുന്നവര്‍ക്ക് സംസ്ഥാന നാമം രേഖപ്പെടുത്തിയ ഗ്രാമത്തിന്റെ പേര് കാണുമ്പോള്‍ കൗതുകമാണ്. സംസ്ഥാനത്തിന്റെ തന്നെ പേരാണ് ചെറിയ ഒരു ഗ്രാമത്തിനുള്ളത്.
ബ്രിട്ടീഷുകാരാണ് ഈ പേരിട്ടത്. ബ്രിട്ടീഷ് ഭരണകാലത്താണ് പരീക്ഷണ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റബര്‍ എസ്റ്റേറ്റ് ആരംഭിച്ചത്. കരുവാരക്കുണ്ട് ഭാഗത്ത് തുടങ്ങിയ തോട്ടത്തിന് കേരളത്തിലെ എസ്റ്റേറ്റ് എന്ന നിലയില്‍ ‘കേരള എസ്റ്റേറ്റ്’ എന്ന് പേരിട്ടു. എസ്റ്റേറ്റിനോട് അനുബന്ധമായി രൂപപ്പെട്ട ചെറിയ കവല പിന്നീട് കേരള എന്ന പേരില്‍ അറിയപ്പെട്ടു. മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയായതോടെ കേരള എന്ന ബോര്‍ഡ് അധികൃതര്‍ സ്ഥാപിക്കുകയും ചെയ്തു.
മറ്റൊന്ന് കേരളാംകുണ്ടാണ്. ‘കേരള’ത്തിന്റെ സ്വന്തം പേരിലുള്ള വെള്ളച്ചാട്ടമാണിത്. കേരള എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രകൃതി സുന്ദരമായ വെള്ളച്ചാട്ടമായതിനാലാണ് കേരളാംകുണ്ട് എന്ന പേര് വന്നത്. കെടിഡിസിയുടെ നിയന്ത്രണത്തിലാണിവിടം. ‘കേരളപ്പേരു’മായി താനൂരിലും ഉണ്ട് ഒരു ഗ്രാമം; കേരളാധീശപുരം. അതിര്‍ത്തികള്‍ കടന്ന് തമിഴ്‌നാട്ടിലുമുണ്ട് കേരളപ്പെരുമയുമായി ‘കേരളപുരം’ എന്ന ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക