മലയാള സിനിമയില്‍ ലോഹിതദാസ് എന്ന പ്രതിഭയുടെ സംഭാവന എന്താണ്? കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രഭാവം നഷ്ടമായ പഴയ ഭവനത്തിന്റെ ഇരുള് വീണ അകത്തളങ്ങള്‍, പ്രതീക്ഷ നഷ്ടമായ യുവത്വത്തിന്റെ വരണ്ടുപോയ മനസ്സായി രൂപാന്തരം പ്രാപിക്കുന്ന ചലച്ചിത്ര മാസ്മരികത ദൃശ്യവല്‍ക്കരിച്ച ഒരു സംഭാവന ലോഹിതദാസിന്റെ തിളങ്ങുന്ന ചലച്ചിത്ര ജിവിതത്തിനിടയില്‍ കാണാനാവുമോ?
തനിയാവര്‍ത്തനം മുതല്‍ മനുഷ്യര്‍ക്ക് മനസ്സിലാവുന്ന അതിലളിതമായ, തുടക്കവും ഒടുക്കവുമുള്ള കഥകളാണ് ലോഹിതദാസ് എഴുതിയത്. സ്നേഹം, പ്രതികാരം, രൗദ്രത, രതി, വാത്സല്യം, ആത്മീയത, കാല്‍പ്പനികത എന്നിങ്ങനെ മനുഷ്യമനസ്സിലെ എല്ലാ വികാരങ്ങളും മനുഷ്യ ജീവിതത്തിന്റെ അവസ്ഥാവ്യതിയാനങ്ങളും ലോഹിതദാസിന്റെ തിരക്കഥകളില്‍ അഭൂതപൂര്‍വമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടു. മുഖംമൂടികളില്ലാത്ത മനുഷ്യകഥാപാത്രങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു ലോഹിയുടെ സര്‍ഗാത്മക മനസ്സ്.
മാറിയ കാലത്തിന്റെ മാറിയ ഫ്രെയിം എന്ന പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഇന്നിന്റെ സിനിമകളില്‍ മദ്യവും അവിഹിതബന്ധങ്ങളും മുഖ്യ ഇനമായി മാറിയിരിക്കുന്നു. അരോചകമാകുന്ന, ആവര്‍ത്തിക്കപ്പെടുന്ന അത്തരം ദൃശ്യനിര്‍മിതികള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്-സര്‍ഗാത്മകതയുടെ പുണരല്‍ ഇല്ലെങ്കില്‍ സൃഷ്ടിയുടെ നവകാഴ്ച നഷ്ടമാകും. അവിടെയാണ് ലോഹിതദാസ് എന്ന മഹാപ്രതിഭ കാലത്തിന്റെ മാറ്റത്തിനെ അതിജീവിച്ച് അനുസ്മരിക്കപ്പെടുന്നത്.
ആര്‍ക്കും മനസ്സിലാവുന്ന പ്രമേയങ്ങളാണ് ലോഹിതദാസിന്റെ ഓരോ രചനകളിലും. ഒരുപക്ഷേ, പുരാണ കഥകളുടെ മുഖ്യകഥാതന്തുക്കളാണോ അവ ഓരോന്നും എന്ന് ചിന്തിച്ചുപോകും. കാലത്തിന്റെ വ്യാഖ്യാനങ്ങളാവുന്ന മഹാ രചനകളുടെ ഭാരം ലോഹിയുടെ സിനിമാസൃഷ്ടികള്ക്ക് ഉണ്ടായില്ലെന്ന് സാരം. പക്ഷേ, അവ ഓരോന്നും കാണുന്ന പ്രേക്ഷകനെ സെല്ലുലോയിഡിന്റെ വാസ്തവികതയിലേക്ക് ആഗിരണം ചെയ്തിരുന്നു. വിധി മനുഷ്യജീവിതത്തില്‍ ഇരുത്തം വന്ന ഒരു കലാകാരനെപ്പോലെ അഭിനയിച്ച് തകര്‍ക്കുന്നതിന്റെ മഹാസാക്ഷ്യങ്ങളായിരുന്നില്ലേ ലോഹിതദാസിന്റെ ഓരോ സിനിമയും? മലയാളികള്‍ക്ക് അനശ്വരമായ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ നശ്വരത അനുഭവിപ്പിച്ച ആ മഹാപ്രതിഭക്ക് പ്രണാമം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: