തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളും ഇന്‍സുലിനും തീര്‍ന്നിട്ട് മാസങ്ങള്‍. ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്ക്കുകയാണ്. ജില്ലയില്‍ ക്യാന്‍സറിന് സൗജന്യ ചികിത്സ ലഭിക്കുന്നത് ഇവിടെ മാത്രമാണ്. ഒരു ഗുളിക പോലും എഴുതി നല്‍കാനാകാത്ത സാഹചര്യമാണ് ആശുപത്രിയില്‍ നിലവിലുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതോടെ ഭീമമായ വില കൊടുത്ത് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
കീമോതെറപ്പിക്ക് ആവശ്യമായ മരുന്നുകളും ഇന്‍സുലിനുമാണ് കടുത്ത ക്ഷാമം. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഴി നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു മരുന്നു വാങ്ങിയ വകയില്‍ 12 കോടി രൂപയോളമാണ് നല്‍കാനുള്ളത്. ഈ തുക കുടിശികയായതിനാല്‍ മരുന്നു നല്കാന് വിതരണക്കാര്‍ തയാറാകുന്നില്ല. നൂറു കണക്കിന് കാന്‍സര്‍ ബാധിതരാണ് കീമോ തെറപ്പിക്ക് അടക്കം ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. നിര്‍ധനരായ രോഗികളാണ് ഇതിലേറെയും.
മാസം 5000 ത്തിനും 10,000 ത്തിനും ഇടയില്‍ മരുന്നിന് മാത്രം കാന്‍സര്‍ രോഗികള്‍ കണ്ടെത്തണം. ഈ തുക താങ്ങാന്‍ കഴിയാതെ ദുരിതത്തിലാണ് പലരും. നേരത്തേ ഇന്‍ഷുറന്‍സ് പദ്ധതി വഴി മരുന്നു ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഇതും കിട്ടാതെ വന്നതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. രോഗികളുടെ ദുരവസ്ഥ മനസ്സിലാക്കി ഡോക്ടര്‍മാര്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന കമ്പനികളുടെ മരുന്നുകളാണ് പുറത്തേക്ക് എഴുതി നല്‍കുന്നത്. ഇതുപോലും വാങ്ങാനാകാത്തവരും ഒട്ടേറെയാണ്.
മറ്റു പല മരുന്നുകള്‍ക്കും ആശുപത്രിയില്‍ വലിയ ക്ഷാമമുണ്ട്. മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വഴിയുള്ള മരുന്നു വിതരണത്തില്‍ ഇപ്പോഴും കാലതാമസം നേരിടുകയാണ്. പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ഇത്തവണ ഫണ്ട് അനുവദിക്കാന്‍ വൈകി. നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മരുന്നിന് ഓര്‍ഡര്‍ നല്കാന് കഴിഞ്ഞത്. ഈ മരുന്നുകള്‍ എത്തിയാല്‍ ഒരു പരിധിവരെ രോഗികള്‍ക്ക് ആശ്വാസമാകും. എന്നാല്‍ കീമോതെറാപ്പിക്കുള്ള മരുന്നുകളും ഇന്‍സുലിനും എന്നുമുതല്‍ കിട്ടുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഒരുറപ്പുമില്ല.
പുറത്തുനിന്നു മരുന്നും ഉപകരണങ്ങളും വാങ്ങേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്ക്കുകയാണ് . അല്ലെങ്കില്‍ രോഗികള്‍ സ്വന്തം ചെലവില്‍ മരുന്നും സാധനങ്ങളും വാങ്ങിയാല്‍ ശസ്ത്രക്രിയ ചെയ്തു നല്‍കുമെന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: