ന്യൂദല്‍ഹി: തന്റെ 66-ാം പിറന്നാള്‍ ദിവ്യാംഗര്‍ക്കൊപ്പം ആഘോഷിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇന്നലെ രാവിലെ ദല്‍ഹി ജഗന്നാഥ ക്ഷേത്രത്തിലെ ദര്‍ശനത്തോടെയാണ് രാഷ്ട്രപതിയുടെ പിറന്നാള്‍ ദിനം ആരംഭിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ചുവെന്ന് മുര്‍മു എക്സില്‍ കുറിച്ചു.
പിന്നാലെ ദിവ്യാംഗര്‍ക്കായുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നാഷണല്‍ ഇന്സ്റ്റിറ്റിയൂട്ടിലെത്തി. അവിടെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു. നവീകരിച്ച പ്രോസ്തെസിസ് ആന്‍ഡ് ഓര്‍ത്തോസിസ് സെന്ററും മുര്‍മു സന്ദര്‍ശിച്ചു. രോഗികളുമായി സംവദിച്ചു. ദിവ്യാംഗര്‍ക്കായി ഒരുക്കിയിട്ടുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം നിരീക്ഷിച്ചു.
ദിവ്യാംഗരുടെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് അവര്‍ക്കായി നമ്മള് പരിശ്രമിക്കുമ്പോള്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ ശാരീരിക വൈകല്യം അവര്‍ക്കൊരിക്കലും തടസമാകില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. അത്ലറ്റുകളായ ദീപ മാലിക്, അരുണിമ സിന്‍ഹ, അവ്നി എന്നിവരുടെയെല്ലാം ജീവിതം ഇത് അടിവരയിടുന്നു. ദൃഢനിശ്ചയവും ആത്മസമര്‍പ്പണവും ശാരീരിക പരിമിതികളെ എങ്ങനെ മറികടക്കുമെന്നതിന്റെ ഉദാഹരണമാണ് പൊതുപ്രവര്‍ത്തകനായ കെ.എസ്. രാജണ്ണ, മൂര്‍മു കൂട്ടിച്ചേര്‍ത്തു. ദിവ്യാംഗരുടെ ക്ഷേമത്തിനായും ഉന്നമനത്തിനായും നിലകൊള്ളുന്ന പണ്ഡിറ്റ് ദിന്ദയാല് ഉപാധ്യായ ഇന്‍സ്റ്റിറ്റിയൂട്ടിനെ രാഷ്ട്രപതി പ്രശംസിച്ചു.
രാഷ്ട്രപതി ഭവന്റെ വളപ്പില്‍ ദിവ്യാംഗര്‍ക്കായുള്ള എംഐടിടിഐ കഫേ മുര്‍മു ഉദ്ഘാടനം ചെയ്തു. ദിവ്യാംഗര്‍ക്ക് സുസ്ഥിരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്ന, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എംഐടിടിഐ കഫേ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കഫേ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. കഫേയിലെ സ്റ്റാഫുകള്‍ക്കൊപ്പം കേക്ക് മുറിച്ച് രാഷ്ട്രപതി പിറന്നാള്‍ ആഘോഷിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പിറന്നാളാശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: