കൊച്ചി: അഭിഭാഷകരെയും സാധാരണക്കാരായ കക്ഷികളെയും ബാധിക്കുന്ന കോര്‍ട്ട് ഫീസ് വര്‍ധന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ചെക്കു കേസുകള്‍, കുടുംബ കോടതി കേസുകള്‍ എന്നിവയ്ക്ക് കോര്‍ട്ട് ഫീസ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കിയത് ഇത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് വി.കെ. മോഹനന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയിട്ടുള്ളത്. ഇത് സാധാരണക്കാരായ കക്ഷികള്‍ക്ക് കേസ് ഫയല്‍ ചെയ്യുന്നതില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
കോടതിയെ സമീപിക്കാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കപ്പെടുകയും കുടുംബ കോടതികളില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ജുഡിഷ്യല്‍ സ്റ്റാമ്പിന്റെ നിരക്കു വര്‍ധന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് കുറയ്ക്കും. കുടുംബ കോടതികളില്‍ സ്വത്തു വകകള്‍ക്ക് ഫാമിലി കോര്‍ട്ട് ആക്ട് പ്രകാരം ഉള്ള ഹര്‍ജിക്ക് കോര്‍ട്ട് ഫീ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സാധാരണക്കാരായ സ്ത്രീകള്‍ക്കും, ഗാര്‍ഹിക പീഡനത്തിലും കുടുംബ തര്‍ക്കങ്ങളിലും ഇരകള്‍ ആയവര്‍ക്കും മേല്‍ സര്‍ക്കാര്‍ നടത്തുന്ന ദ്രോഹ നടപടിയാണ്.
വഞ്ചിതരാക്കുന്ന സാധാരണ പരാതിക്കാര്‍ക്ക് കോടതിയില്‍ ചെക്കു കേസുകള്‍ നല്കി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും കഴിയാതെ വരും. ക്രിമിനല്‍ കേസുകളില്‍ ഹര്‍ജിക്ക് ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദേശം നീതിരഹിതവും നിയമവിരുദ്ധവുമാണ്. കോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമ്പോള്‍ അഭിഭാഷകരുമായോ സംഘടനകളുമായോ ചര്‍ച്ച ചെയ്ത് അഭിപ്രായം തേടിയില്ല. നിരാലംബരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്തതാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന സമിതി യോഗം ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സി. ദിനേശ് അധ്യക്ഷനായി. അഡ്വ. എന്‍. അരവിന്ദന്, അഡ്വ. കെ. ലക്ഷ്മി, അഡ്വ. പി. പ്രേമരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: