ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ആവേശത്തെ ഇരട്ടിപ്പിക്കാന്‍ പോന്ന മത്സരം ഇന്ന് രാത്രി എട്ടിന് അരങ്ങേറും. ചിരവൈരികളായ ഭാരതവും പാകിസ്ഥാനും തമ്മിലാണ് ഈ ആവേശപ്പോരാട്ടം. ന്യൂയോര്‍ക്കില്‍ പുതുതായി തീര്‍ത്ത നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാവിലെ പത്തരയ്ക്കാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് എയില്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്.
ലോക ക്രിക്കറ്റിന് അമേരിക്കയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാനാണ് ഇക്കുറി ആ രാജ്യത്തെ സഹആതിഥേയരാക്കിയത്. ഒരാഴ്ച പിന്നിട്ട ക്രിക്കറ്റ് പൂരത്തില്‍ കാഴ്ച്ചക്കാര്‍ക്കുള്ള ഇരിപ്പടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും മത്സരത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ വിറ്റുതീര്‍ന്ന ഏക മത്സരം കൂടിയാണ് ഇന്നത്തേത്. 34,000 കാണികളെ കൊള്ളാന്‍ പാകത്തിലുള്ളതാണ് നസ്സാവു സ്റ്റേഡിയം. ഭാരതം-പാക് മത്സരത്തിന്റെ 34,000 ടിക്കറ്റുകളും വിറ്റുതീര്‍ന്നു കഴിഞ്ഞു. ആതിഥേയരുടെ പോരാട്ടത്തേക്കാളും ആള് കയറുന്ന മത്സരമായി മാറിയിരിക്കുകയാണ് ഇത്.
അയല്‍ രാജ്യക്കാരായ ഭാരതവും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തിന് മുക്കാല്‍ നൂറ്റാണ്ട് പ്രായമുണ്ട്. ഇരു രാജ്യക്കാരും ക്രിക്കറ്റില്‍ സജീവമായപ്പോള്‍ വൈര്യം മൈതാനത്തിലും ഗാലറികളിലും ആവേശം നിറച്ചു. ലോക ക്രിക്കറ്റ് കാഴ്ച്ചക്കാര്‍ക്ക് ഇവരുടെ മുഖാമുഖങ്ങള്‍ ത്രില്ലര്‍ മത്സരങ്ങള്‍ സമ്മാനിച്ചു. ഒടുവില്‍ ഇരുകൂട്ടരും തമ്മില്‍ പോരടിച്ചത് ഭാരതത്തിലാണ്. കഴിഞ്ഞ ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍. ഏകദിന ലോകകപ്പിന്റെ ലീഗ് റൗണ്ടിലായിരുന്നു അത്. അന്ന് പാകിസ്ഥാനെ നിഷ്കരുണം തോല്‍പ്പിച്ച് ഭാരതം ഏകദിന ലോകകപ്പിലെ അഭിമാനം നിലനിര്‍ത്തി. ട്വന്റി20 ലോകകപ്പില്‍ ഇരു ടീമുകളും ഏഴ് തവണ ഏറ്റുമുട്ടി. ഒരു തവണ പാകിസ്ഥാന് ജയിച്ചു. 2007ലെ ആദ്യ ലോകകപ്പില്‍ ഇരു ടീമുകളും ഫൈനലില്‍ വന്നു. ആവേശപോരില്‍ അഞ്ച് റണ്‍സിന് ജയിച്ച് എം.എസ്. ധോണിയുടെ ഭാരതം കിരീടമുയര്‍ത്തി.
ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോഴും ആവേശത്തിന് യാതൊരു കുറവുമില്ല. മത്സരം നടക്കുന്ന ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷയാണ് ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് വിജയം നേടിയാണ് ഭാരതം ഇന്ന് രണ്ടാം പോരിനിറങ്ങുന്നത്. പാകിസ്ഥാന് ആകട്ടെ അമേരിക്കയോട് ആദ്യ കളിയില്‍ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ്.
ഈ ലോകകപ്പ് പ്രമാണിച്ച് ഉണ്ടാക്കിയ ന്യൂയോര്‍ക്കിലെ പിച്ച് ഡ്രോപ്പ് ഇന്‍ ശൈലിയില്‍ നിര്‍മിച്ചതാണ്. അതും അധികം കളികള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പോരായ്മകളും ഉണ്ട്. ഇതുവരെയുള്ള പല കളികളിലും അതിന്റെ പോരായ്മകള്‍ തെളിഞ്ഞുകാണുകയും ചെയ്തു. അവിടെയാണ് ഇന്ന് രോഹിത് ശര്‍മയ്ക്ക് കീഴിലെ ഭാരതവും ബാബര്‍ അസമിന് കീഴിലെ പാകിസ്ഥാനും ആയുധങ്ങള്‍ക്ക് കോപ്പുകൂട്ടി ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: