പാലക്കാട്: കോയമ്പത്തൂര്‍ വടവള്ളിയിലെ മുത്തപ്പന് മടപ്പുരയുടെ ചുമരുകളില്‍ മുത്തപ്പന്റെ പുരാവൃത്തം പറയുന്ന ചുമര്‍ചിത്രങ്ങളുടെ നേത്രോന്മീലനം നടന്നു.
എരുവാശ്ശേരിയിലെ അയ്യങ്കര ഇല്ലവും ക്ഷേത്രവും വാഴുന്നോരും പാടിക്കുറ്റി അമ്മയും മുത്തപ്പന്റെ യൗവനവും, കുട്ടിക്കാലവും കുന്നത്തൂര്‍പാടിയും പുരളിമലയും തുടങ്ങിയുള്ള ജീവചരിത്രം മടപ്പുരയുടെ ചുമരുകളില്‍ നിറഞ്ഞിരിക്കുന്നു. പ്രശസ്ത ചുമര്ചിത്രകാരനായിരുന്ന കെ. കെ. വാര്യരുടെ മകനും ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ഡയറക്ടറുമായ ശശി കെ. വാര്യര്‍ ആണ് നേത്രോന്മീലനം നടത്തിയത്.
ശശി കെ. വാര്യരുടെ നേതൃത്വത്തില്‍ ദിവ്യ ഗോപി, വാണിശ്രീ, ശ്രീജിത്ത് മൂത്തത്, രതീഷ്, ഉഷാ വാര്യര്‍, നിബിന്, ഡെന്നി എന്നിവര്‍ ചേര്‍ന്ന് 5 മാസം കൊണ്ടാണ് 14 പാനലുകളിലായി ചിത്രങ്ങള്‍ രചിച്ചത്. ഇവ കേരള ചുമര്‍ചിത്ര ശൈലിയിലാണ് വരച്ചിരിക്കുന്നത്. നേത്രോന്മീലന ചടങ്ങില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സിഎംഡി ദേവിദാസ് വാര്യര്‍, ചിന്മയ മിഷന് സേവക ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യ, പറശ്ശിനി മടപ്പുരയിലെ മുഖ്യകാര്മികന് ബ്ലാത്തൂര്‍ ചന്ദ്രന് മടയന്, ഡോ. സി. പി. ഉണ്ണികൃഷ്ണന്, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: