നുണകളുടെ കോട്ടകെട്ടി ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടുകയാണ് കോണ്‍ഗ്രസ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും ചെയ്തത്. ജനവിധി അംഗീകരിച്ച് ഈ അധാര്‍മിക രാഷ്ട്രീയത്തില്‍നിന്ന് പിന്മാറേണ്ടതിനു പകരം ഇനിയും നുണപ്രചാരണം തുടരാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനമെന്നു തോന്നുന്നു. ഇതിന്റെ ഭാഗമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോളിനു മുന്‍പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരി കുംഭകോണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി ഓഹരി വിപണിയില്‍ കുതിച്ചുചാട്ടത്തിന് കാരണമായത് പ്രധാനമന്ത്രി മോദിയും മറ്റും നടത്തിയ അഭിപ്രായപ്രകടനങ്ങളാണെന്നും, വോട്ടെണ്ണലിനു ശേഷം ഓഹരി വിപണി തകര്‍ന്നെന്നും, ഇതേക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നുമൊക്കെയാണ് രാഹുലിന്റെ ആവശ്യം. ഓഹരിവിപണി കുതിച്ചു കയറുമെന്ന് ഭരണാധികാരികള്‍ പറയുന്നത് പുതിയ കാര്യമല്ല. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനാണിത്. നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞശേഷം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ എന്‍ഡിഎ വന്‍വിജയം നേടുമെന്നു പ്രവചിച്ചുവെന്നും, ഇതനുസരിച്ച് ഓഹരി വിപണിയില്‍ നിക്ഷേപിച്ചവര്‍ക്ക് യഥാര്‍ത്ഥ ഫലം പുറത്തുവന്നതോടെ നഷ്ടമുണ്ടായെന്നുമാണ് കോണ്‍ഗ്രസ്സിന്റെ കണ്ടുപിടുത്തം. എന്നാല്‍ മോദി സര്‍ക്കാര്‍ തന്നെയാണ് വീണ്ടും അധികാരത്തിലെത്തുകയെന്ന് ഉറപ്പായതോടെ ഓഹരി വിപണി സ്ഥിരത കൈവരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ തരംതാണ രാഷ്ട്രീയം കളിച്ച രാഹുല്‍ പരിഹാസ്യനായിരിക്കുകയാണ്.
സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തെ ഓഹരി വിപണിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ തന്നെ പ്രധാനമന്ത്രി മോദി പ്രസ്താവന നടത്തിയിരുന്നു. അത് ഓഹരി കുംഭകോണമാണെന്ന് പ്രതിപക്ഷത്തെ ഒരു നേതാവും പറഞ്ഞില്ല. പിന്നെ ഇപ്പോഴെന്താണ് പ്രശ്നം? ബിജെപിയാണ് അധികാരത്തില്‍ വരാന്‍ പോകുന്നതെന്ന് സൂചിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതില്‍ ഒരു തെറ്റുമില്ല. ബിജെപി അധികാരത്തില്‍ വരുകയാണെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ കണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചവര്‍ക്ക് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതായതോടെ നഷ്ടംവന്നുവെന്നാണ് പറയപ്പെടുന്നത്. ഇത് സ്വാഭാവികമാണ്. ഇങ്ങനെ സാമ്പത്തികവും രാഷ്ട്രീയവുമായ പല കാരണങ്ങളും ഓഹരി വിപണിയെ സ്വാധീനിക്കുക പതിവാണ്. അതിന് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കുറ്റക്കാരായി കാണുന്നത് ബാലിശമാണ്. മോദി സര്‍ക്കാര്‍ തന്നെയാണ് വീണ്ടും വരുന്നതെന്നു കണ്ടതോടെ ഓഹരി വിപണിയില്‍ ഉണര്വുണ്ടായല്ലോ. ഇതിന്റെ ബഹുമതി രാഹുലും കോണ്‍ഗ്രസും മോദിക്കു നല്‍കുമോ? അപവാദങ്ങള്‍ പ്രചരിപ്പിച്ച് മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പത്ത് വര്‍ഷക്കാലവും കോണ്‍ഗ്രസ് ശ്രമിച്ചത്. ഇത് വിജയിച്ചില്ലെന്നാണ് ഏറ്റവും പുതിയ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്. മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നതിനെ അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ കോണ്‍ഗ്രസിനില്ല. പരാജയം ഏല്‍പ്പിച്ച അപകര്‍ഷതാബോധത്തില്‍നിന്ന് പുറത്തുവരാന്‍ രാഹുലിനും കഴിയുന്നില്ല. അര്‍ത്ഥശൂന്യവും അടിസ്ഥാനരഹിതവുമായ കാര്യങ്ങള്‍ പറയുക. മോദി വിരുദ്ധ മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുമ്പോള്‍ താന്‍ വലിയ നേതാവാണെന്ന് സ്വയം കരുതുക. ഇതാണ് രാഹുലിന്റെ മനോഗതി.
ബിജെപിക്ക് 150 സീറ്റ് പോലും കിട്ടില്ലെന്നും നരേന്ദ്ര മോദി ഇനി അധികാരത്തില്‍ വരില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് പാര്‍ട്ടിക്കാരെ ആവേശംകൊള്ളിക്കാനായിരുന്നു. അധികാരമില്ലാത്തതിന്റെ ദുഃഖത്തില്‍ കഴിയുന്ന അവരെ വോട്ടുചെയ്യിക്കാന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് യുവരാജാവിന്റെ ഈ പ്രഖ്യാപനം ഫലിച്ചില്ല. ഇത് സ്വാഭാവികമായും കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്. ഇവര്‍ അധികാരം നുണയാന്‍ ആര്‍ത്തിപിടിച്ച് നടക്കുകയായിരുന്നുവല്ലോ. ഇവരെയൊക്കെ ഇനിയും ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ രൂപീകരിക്കരിക്കുന്നതിനു മുന്‍പേ മോദിയെ കടന്നാക്രമിക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഇതും വിജയിക്കാന്‍ പോകുന്നില്ല. ദേശീയ രാഷ്ട്രീയത്തില്‍ വിശ്വാസ്യത നശിച്ച നേതാവാണ് രാഹുല്‍. നെഹ്റു കുടുംബത്തിന്റെ അടിയാളന്മാര് എഴുന്നെള്ളിച്ചുകൊണ്ടു നടക്കുന്നുണ്ടെങ്കിലും കോണ്ഗ്രസ്സിനുള്ളില്പ്പോലും ഈ അപക്വമതിക്കെതിരെ അതിശക്തമായ അമര്‍ഷമാണുള്ളത്. പാര്‍ട്ടിയെ പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രാഹുലിനെ പ്രതിപക്ഷ നേതാവായി പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മോദിയെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള നേതാവാണെന്നു വരുത്തണമല്ലോ. മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്തെ ഭരണത്തിലൂടെ ലോകത്തിലെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി ഭാരതം മാറിയിരിക്കുകയാണ്. മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കുകയെന്ന ദൗത്യമാണ് പുതിയ സര്‍ക്കാരിനുള്ളത്. ഇതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: