ശാസ്താംകോട്ട: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചു വീഴാന്‍ പോയ യുവാവിന്റെ ജീവന് ബിജിത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ദൈവത്തിന്റെ കരങ്ങളെന്നോ അത്ഭുത കരങ്ങളെന്നോ വിശേഷിപ്പിക്കാം.
ഏതായാലും ജീവിതത്തിലേക്ക് മടങ്ങിവന്ന ആ യുവാവ് ഇപ്പോഴും അജ്ഞാതനായി തുടരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ചവറ-പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുനില്‍ എന്ന സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച വീഴാന്‍ പോയ യാത്രക്കാരനെ കൈകൊണ്ടു പിടിച്ചു രക്ഷിച്ച കണ്ടക്ടര്‍ ബിലു എന്ന മണ്‍റോതുരുത്ത് കിടപ്രം മാട്ടേല്‍ വീട്ടില്‍ ബിജിത്ത് ലാല്‍ (33) ഇന്ന് നാട്ടിലും വീരപരിവേഷത്തോടെ താരമായി. കാരാളി മുക്കില്‍ നിന്ന് ബസില്‍ കയറി ശാസ്താംകോട്ടയ്ക്ക് ടിക്കറ്റ് എടുത്ത യുവാവ് ബാക്കി തുക വാങ്ങാനായി കമ്പിയില്‍ നിന്ന് പിടിവിട്ട ഉടനെ ഡോറിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാവിന്റെ ശരീരം തട്ടി ഡോര്‍ തുറന്നു. ഞൊടിയിടയില്‍ ബിജിത്ത് വലത് കരം കൊണ്ട് ഇയാളെ പിടിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. ബസില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് ദൃശ്യം പുറത്തുവന്നത്.
വൈറല്‍ ആയതിലല്ല, ഒരു ജീവന് രക്ഷിക്കാനായതാണ് സന്തോഷമെന്ന് ബിജിത്ത് ലാല്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ കണ്ടും സംഭവം അറിഞ്ഞും കണ്ടക്ടറെ സ്വീകരിക്കാന്‍ ബസ് കാത്തു നില്‍ക്കുകയാണ് പലരും. ഭരണിക്കാവില്‍ ബിജിത്തിനെ കുന്നത്തൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോസ്മെന്റ് ഇന്‍സ്പെക്ടര്‍ ഷാജഹാന് അനുമോദിച്ചു. എഎംവി ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, കൊട്ടാരക്കര സബ് ആര്‍ടിഒ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റാം ജി കരണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: