ആലപ്പുഴ: കായംകുളത്ത് സിപിഎം സ്ഥാനാര്‍ത്ഥി എ.എം. ആരീഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നാവായ കായംകുളത്തിന്റെ വിപഌവം എന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ”കായംകുളത്ത് സിപിഎമ്മിനുള്ളില്‍ പുകഞ്ഞ് കൊണ്ടിരുന്ന ആ അഗ്നിപര്‍വതം പൊട്ടിയൊലിച്ചു… കായംകുളത്തെ പരാജയത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വലിയ തല പുകക്കേണ്ട കാര്യമില്ല.
പ്രതിഭ എംഎല്‍എയ്ക്കെതിരെ നേതൃത്വത്തില്‍ ചിലരുടെ പിന്തുണയോടെ തുടങ്ങിയ ഉള്‍പ്പോര് മണ്ഡലത്തില്‍ ബാധിച്ചിട്ടുണ്ട്. എംഎല്‍എയുമായിട്ടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി ഏരിയാതല നേതാക്കള്‍ തുടങ്ങി വെച്ച കുരുക്ക് നിലവില്‍ നേതാക്കളുടെ കഴുത്തില്‍ തന്നെ മുറുകിയതിന്റെ ഫലമാണ് മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ട കാരണങ്ങളില്‍ ഒന്ന്. മറ്റൊന്ന് ജില്ലാ, ഏരിയ, ലോക്കല്‍ നേതാക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൗരവമേറിയ അഴിമതി ആരോപണങ്ങള്‍ ആണ്. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കെതിരായി ഇത് അവമതിപ്പുളവാക്കി. പാര്‍ട്ടി നേതാക്കളുടെ അഴിമതി, വ്യഭിചാരം, ആഭിചാരം, ക്വട്ടേഷന്‍, ലഹരി മാഫിയാ ബന്ധം തുടങ്ങിയ വഴിക്ക് നീങ്ങിയപ്പോള്‍ ജനം കൈവിട്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിന്റെ മൂര്ധന്യ ഘട്ടത്തില്‍ പത്തിയൂരില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗമായ ബിപിന്‍ സി. ബാബു കരീലക്കുളങ്ങരയിലെ സത്യന് കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്നത് പരാതിയായി തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കിയത് പത്തിയൂരില്‍ പാര്‍ട്ടിക്ക് കടുത്ത ദോഷമുണ്ടാക്കി. ഏരിയാ കമ്മിറ്റി അംഗങ്ങളായ അമ്മയും മകനും കൂടി ബിഡിജെഎസ് നേതാക്കളുമായി വീട്ടില്‍ വെച്ച് ചര്‍ച്ച നടത്തിയത് വാര്‍ത്തയായി ചാനലുകള്‍ക്ക് നല്കി നേതൃത്വവുമായി വിലപേശലിന് ശ്രമിച്ചതും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിശ്വാസം പാടെ തകര്‍ത്തു.
കായംകുളത്തെ അഹങ്കാരികളായ സിപിഎം നേതാക്കള്‍ ഒന്ന് മനസ്സിലാക്കിക്കോ, ദേശാഭിമാനിക്ക് പണം പിരിക്കുന്നതും പാര്‍ട്ടി ഫണ്ടും ലെവിയും പിരിയ്ക്കുന്നതുമല്ല സംഘടനാ പ്രവര്‍ത്തനം. ജനങ്ങളിലേക്ക് അടുക്കണം. അതിന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കണം.അതിനു നിന്നെയൊന്നും കൊള്ളുകയില്ല… കായംകുളത്തിന്റെ വിപ്ലവം ആഞ്ഞടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: