ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കര്‍ണ്ണാടകത്തിലും ബിജെപി-എന്‍ഡിഎ നടത്തിയത് വലിയ മുന്നേറ്റം. കേരളത്തില്‍ ഇതാദ്യമായി ബിജെപി വിജയിച്ചതും വലിയ നേട്ടമായി.
അവസാന റൗണ്ട് വരെ മുന്നിട്ടുനിന്നശേഷം തിരുവനന്തപുരത്ത് പരാജയം സംഭവിച്ചെങ്കിലും തൃശൂരിലെ മിന്നും വിജയത്തോടെ കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞു. ദക്ഷിണ ഭാരതത്തിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 130 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ ലഭിച്ചത് 49 സീറ്റുകളാണ്. 2019ല്‍ ഇത് 30 സീറ്റുകളായിരുന്നു.
ടിഡിപിയുമായി ചേര്‍ന്ന് ആന്ധ്രയിലെ 25ല്‍ 21 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ടിഡിപിക്ക് 16 സീറ്റുകളും ബിജെപിക്ക് മൂന്നു സീറ്റുകളും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 4 സീറ്റിലേക്ക് ഒതുങ്ങി. നര്‍സാപുരം, രാജമുണ്ട്രി, അനകപല്ലെ എന്നിവിടങ്ങളിലാണ് ആന്ധ്രയില്‍ ബിജെപി വിജയിച്ചത്. തെലങ്കാനയില്‍ ബിജെപി വലിയ വിജയമാണ് കരസ്ഥമാക്കിയത്. ബിജെപിയുടെ സീറ്റുകള്‍ നാലില്‍ നിന്ന് ഇരട്ടിയാക്കി ഉയര്‍ത്താന്‍ തെലങ്കാനയില്‍ സാധിച്ചു. ആദിലാബാദ്, നിസാമാബാദ്, കരീംനഗര്‍, മേദക്, സെക്കന്ദരാബാദ്, മല്‍ക്കാജ്ഗിരി, ചെവല്ല, മെഹ്ബൂബ് നഗര്‍ എന്നീ എട്ട് ലോക്സഭാ സീറ്റുകളാണ് വിജയിച്ചത്. 35 ശതമാനം വോട്ടുകള്‍ തെലങ്കാനയില്‍ നേടാനും ബിജെപിക്കായി.
കര്‍ണ്ണാടകയില്‍ 28 ലോക്സഭാ സീറ്റുകളില്‍ 19 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. 17 സീറ്റുകളില്‍ ബിജെപിയും മാണ്ഡ്യയിലും കോളാറിലും ജെഡിഎസും വിജയിച്ചു. തീരദേശ കര്‍ണ്ണാടകവും ദക്ഷിണ കന്നഡയും ഉത്തര കന്നഡയും ബംഗളൂരുവിലെ നഗര മണ്ഡലങ്ങളും ബിജെപി തൂത്തുവാരി. എന്നാല്‍ ബീദര്‍, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ബെല്ലാരി, കൊപ്പല്‍ എന്നീ മേഖലകളിലെ സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. തമിഴ്നാട്ടിലാണ് ബിജെപിക്ക് കാര്യമായ മുന്നേറ്റം കൈവരിക്കാന്‍ കഴിയാതെ പോയത്. കോയമ്പത്തൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അടക്കമുള്ള നേതാക്കള്‍ പരാജയപ്പെട്ടു. പുതുച്ചേരിയില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: