കായംകുളം : സിപിഎം, എസ്ഡിപിഐ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് കുഴഞ്ഞു വീണ് മരിച്ച ബിജെപി കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി ആലംപള്ളില്‍ മനോജി(47) ന്റെ ഭൗതിക ശരീരം നൂറ് കണക്കിന് പ്രവര്‍ത്തകരുടേയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ സംസ്‌ക്കരിച്ചു. ഏവര്‍ക്കും പ്രീയപ്പെട്ടവനായിരുന്ന പൊതുപ്രവര്‍ത്തകന് നാട് ഒന്നടങ്കം കണ്ണീരോടെ വീട നല്‍കി.
രാവിലെ പതിനൊന്നൊടെ കായംകുളം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ നിന്നും മനോജിന്റ ഭൗതികശരീരം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. വിലാപയാത്രയായി നഗരം ചുറ്റി പോലീസ് സ്റ്റേഷന്‍ കവാടത്തിലെത്തി മനോജിന്റെ ഭൗതിക ശരീരവുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധയോഗം ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു. മനോജിനെ കല്ലുകൊണ്ട് ഇടിച്ച ഇടത് ജിഹാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും, മനോജ് നല്‍കിയ പരാതിയിന്മേല്‍ നടപടി എടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനോജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ തലത്തില്‍ നഷ്ട പരിഹാരം നല്‍കണമെന്നും എം.വി.ഗോപകുമാര്‍ പറഞ്ഞു. കനത്ത മഴയില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരം ഒരു മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ഡിവൈഎസ്പി അജയ്‌നാഥിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ വെച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഫോണിലൂടെ ബിജെപി നേതാക്കളുമായി നേരിട്ട് സംസാരിച്ചു. മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മനോജിന്റെ ഭൗതിക ശരീരവുമായി നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വിലാപയാത്ര തുടര്‍ന്നു. മൂന്ന് മണിയോടു കൂടി മകന്‍ കാളിദാസന്‍ മനോജിന്റെ ചിതയ്‌ക്ക് തീ കൊളുത്തി. ഭൗതിക ശരീരം തീനാളങ്ങള്‍ ഏറ്റുവാങ്ങി.
വിലാപയാത്രയില്‍ ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ, കൃഷ്ണകുമാര്‍ രാംദാസ്, മോനിഷ മോഹന്‍, അഡ്വ.കൃഷ്ണകുമാര്‍, പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്‍, മഠത്തില്‍ ബിജു, ദേവാനന്ദ്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സതീഷ്, ബിജെപി സൗത്ത്, നോര്‍ത്ത് മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: