ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ മര്‍ദ്ദനത്തിനിരയായ രാജ്യസഭാംഗം സ്വാതി മാലിവാളിനെ അധിക്ഷേപിച്ച് യുട്യൂബര്‍ ധ്രുവ് റാത്തി ചെയ്ത വീഡിയോയ്ക്ക് പിന്നാലെ സ്വാതിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും. സ്വാതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആംആദ്മി പാര്‍ട്ടിയും സൈബര്‍ ഗുണ്ടകളും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇതിനെല്ലാം കാരണം ധ്രുവ് റാത്തിയാണെന്നും സ്വാതി കുറ്റപ്പെടുത്തി.
ധ്രുവിന്റെ വീഡിയോ വന്നതിന് പിന്നാലെ ആപ്പ് നേതാക്കളും പ്രവര്‍ത്തകരും തന്നെ വധിക്കുമെന്ന ഭീഷണികളുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരായി താന്‍ നല്കിയ മര്‍ദ്ദന പരാതി പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് ഈ നടക്കുന്നത്. ധ്രുവ് റാത്തിയുടെ അടുത്ത് തന്റെ ഭാഗം പറയാന്‍ ശ്രമിച്ചിരുന്നതാണ്. എന്നാല്‍ ഫോണുകളും സന്ദേശങ്ങളും ധ്രുവ് അവഗണിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ധ്രുവിനെപ്പോലുള്ളര് ചെയ്യുന്നത് ലജ്ജാകരമായ പ്രവൃത്തിയാണ്, സ്വാതി കുറ്റപ്പെടുത്തി.
ധ്രുവിന്റെ രണ്ടര മിനുറ്റ് വീഡിയോയില്‍ പറയാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമായ കുറിപ്പും സ്വാതി എക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്ക് മര്‍ദ്ദനം ഏറ്റെന്ന കാര്യം അംഗീകരിച്ച ആപ്പ് നേതൃത്വം യുടേണ്‍ അടിച്ചതും മര്‍ദ്ദനമേറ്റതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കാത്തതും പ്രതിയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതും പ്രതിയെ മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ ഒളിവില്‍ പാര്‍പ്പിച്ചതും ബിജെപിക്കെതിരെ നിരന്തരം നിലപാടുകള്‍ എടുത്തിരുന്ന തന്നെ ബിജെപി വിലയ്ക്ക് വാങ്ങിയെന്ന് പ്രചരിപ്പിച്ചതും ധ്രുവ് എന്തിന് ചെയ്തുവെന്നും സ്വാതി ചോദിക്കുന്നു.
ദല്‍ഹി തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് 22-ാം തീയതി ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് ആംആദ്മി പാര്‍ട്ടിയും കേജ്രിവാളും പ്രതിയായ ബിഭവ് കുമാറിനെ ന്യായീകരിക്കാനും സ്വാതിക്ക് മര്‍ദ്ദനമേറ്റ സംഭവം നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചിരുന്നു. കേസില്‍ ജയിലില്‍ കഴിയുന്ന ബിഭവ് കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: