വര്‍ണവെറി നിറഞ്ഞ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവും, സോണിയാ കുടുംബത്തിന്റെ വിശ്വസ്തനും രാഹുലിന്റെ ഉപദേശകനുമായ സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ചെയര്മാന് സ്ഥാനം രാജിവച്ചിരിക്കുന്നു. ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനത്തുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയും, വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയും, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയും, പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയുമാണെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പിത്രോദ പറഞ്ഞത് രാജ്യത്ത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും അങ്ങേയറ്റം ദുരുപദിഷ്ടമായ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. രക്ഷിക്കാന്‍ മറ്റ് മാര്‍ഗമൊന്നുമില്ലെന്നു വന്നതോടെയാണ് പാര്‍ട്ടി പദവിയില്‍നിന്ന് പിത്രോദയെ രാജിവപ്പിച്ചത്. രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കയ്യോടെ സ്വീകരിക്കുകയും, പിത്രോദയുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പാര്‍ട്ടി വക്താവായ ജയ്റാം രമേശ് പ്രതികരിക്കുകയുമുണ്ടായി. എന്നാല്‍ പ്രശ്നം അവിടെ തീരുന്നില്ല. കോണ്‍ഗ്രസ്സിന്റെ തന്നെ മനോഭാവമാണ് പിത്രോദ പ്രകടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലം ആയതുകൊണ്ടാണ് അത് തള്ളിപ്പറയാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. അല്ലായിരുന്നുവെങ്കില്‍ പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമച്ച് പിത്രോദയെ ഒപ്പം നിര്‍ത്തുമായിരുന്നു. പിത്രോദയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. അത്ര വേഗമെന്നും അത് മുറിച്ചുമാറ്റാന്‍ കഴിയില്ല.
അമേരിക്കന്‍ മോഡലില്‍ പൗരന്മാരുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന ആശയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അവതരിപ്പിച്ചത് ഇതേ സാം പിത്രോദയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ആശയം നിരാകരിച്ച് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് നേതാവ് രാഹുലും കൂട്ടരും ശ്രമിച്ചത്. ആപല്‍ക്കരമായ ഈ ആശയത്തിന്റെ ഉപജ്ഞാതാവ് പിത്രോദയായിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ണവെറിയന്‍ പരാമര്‍ശം നടത്തി പിത്രോദ വീണ്ടും രംഗത്തുവന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ മനസ്സിലുള്ളതുതന്നെയാണ് പിത്രോദ പുറത്തുപറഞ്ഞത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയെ എഐസിസി സമ്മേളന സ്ഥലത്തുവച്ച് നീചജാതിക്കാരനെന്നു വിളിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍ അധിക്ഷേപിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഈ നേതാവിനെ പാര്‍ട്ടി വീണ്ടും സംരക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിത്തീര്‍ന്ന നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാന് സഹായിക്കണമെന്ന് ആ രാജ്യത്തു ചെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവനായി മണിശങ്കരയ്യര്‍ തുടര്‍ന്നു. സാം പിത്രോദയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക.
വിഭജിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു. ഈ തന്ത്രം അതിവിദഗ്ദ്ധമായി ഉപയോഗിച്ച് ഭാരതീയരെ അവര്‍ പല തട്ടുകളിലാക്കി. മതത്തിന്റെ പേരില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രവിഭജനത്തിലേക്ക് നയിച്ചത് ഇവരായിരുന്നു. കോണ്‍ഗ്രസ് ഇത് അംഗീകരിച്ചു. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയതോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്സും ജനങ്ങളെ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം പ്രയോഗിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും, പിന്നീട് പ്രധാനമന്ത്രിയായ മകള്‍ ഇന്ദിരാ ഗാന്ധിയും ഇക്കാര്യത്തില്‍ അറച്ചുനിന്നില്ല. അധികാരം മാത്രമാണ് ഇവര്‍ ലക്ഷ്യം വച്ചത്. ഭാരത ജനത ഒറ്റക്കെട്ടായി നിന്നാല്‍ തങ്ങളുടെ വാഴ്ചയ്ക്ക് ഭീഷണിയാവുമെന്ന് കണ്ട നെഹ്റു കുടുംബം ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചു പോന്നു. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ രാജ്യത്ത് ജാതീയമായ കലഹങ്ങളുണ്ടാക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ്സിന്റെ ഉപദേശകന്മാര് പരസ്യമായി പറയാന്‍ പോലും തയ്യാറായി. ജനങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്നതാണ് മോദിയുടെ കരുത്തെന്ന് തിരിച്ചറിഞ്ഞാണ് അവരെ പല തട്ടുകളിലാക്കുകയെന്ന തന്ത്രം കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്. രാജ്യത്തെ തെക്കും വടക്കുമായി വിഭജിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സിന്റെ ആശിര്‍വാദത്തോടെ ചില ശക്തികള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി ഇത് തുറന്നുകാണിച്ചതോടെ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഇതിനുശേഷമാണ് ഇപ്പോള്‍ ഭാരത ജനത ഒന്നല്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഈ രാജ്യവിരുദ്ധ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: