ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യ പ്രസിദ്ധമായ വൈശാഖ മാസാചരണത്തിന് നാളെ തുടക്കമാകും. ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, സപ്താഹങ്ങളും ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയെ ധന്യമാക്കും. 9ന് തുടങ്ങി ജൂണ്‍ 6 വരെയാണ് വൈശാഖ മാസം. നാലു സപ്താഹങ്ങള്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ ഭക്തരുടെ വഴിപാട് സമര്‍പ്പണമായി നടക്കും.
നാളെ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ ഭക്തിപ്രഭാഷണത്തിനും തുടക്കമാകും. ഡോ. വി. അച്യുതന് കുട്ടി, ഏ. കെ.ബി നായര്‍ എന്നിവര്‍ ആദ്യ രണ്ടു ദിനത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണം നിര്‍വ്വഹിക്കും. ശ്രീശങ്കര ജയന്തി ദിനമായ 12ന് രാത്രി ഏഴിന് ദേവസ്വം ചെയര്മാന് ഡോ. വി. കെ. വിജയന് ആദ്ധ്യാത്മിക പ്രഭാഷണം നിര്‍വ്വഹിക്കും. വൈശാഖ മാസാരംഭം മുതല്‍ വൈകീട്ട് 8.30 മുതല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിശേഷാല്‍ നൃത്തപരിപാടികളും അരങ്ങേറും.
ഗുരുവായൂര്‍ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിനും നാളെ തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്ത് നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ ഭദ്രദീപ പ്രകാശനം നടക്കും. തുടര്‍ന്ന് വൈകിട്ട് ആറു വരെ നൂറിലേറെ കലാകാരന്മാര് അഷ്ടപദി അര്‍ച്ചനയില്‍ പങ്കെടുക്കും.
വൈകിട്ട് ആറു മണി മുതല്‍ വിശേഷാല്‍ അഷ്ടപദി പഞ്ചരത്ന കീര്‍ത്തനവും ഉണ്ടായിരിയ്ക്കും. രാത്രി ഏഴിന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി. അനന്തകൃഷ്ണന് അഷ്ടപദി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അഷ്ടപദി കലാകാരന് വൈക്കം ജയകുമാറിന് ജനാര്ദ്ദനന് നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന് അഷ്ടപദി പുരസ്കാരം സമ്മാനിയ്ക്കും. രാത്രി 8 ന് പുരസ്കാര ജേതാവിന്റെ വിശേഷാല്‍ അഷ്ടപദിയുണ്ടാകും. സംഗീതോത്സവത്തിന്റെ ഭാഗമായ ദേശീയ സെമിനാര്‍ ഇന്ന് വൈകിട്ട് ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളില്‍ നടക്കും. അഷ്ടപദി കലാകാരന് ജയദേവന്, സംഗീത ഗവേഷക അനുരാധ മഹേഷ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സെമിനാറില്‍ അദ്ധ്യാപകനും, കഥകളി നടനും, സോപാന ഗായകനുമായ പന്തളം ഉണ്ണിക്കൃഷ്ണന് മോഡറേറ്ററാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: