‘മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം’ എന്നതു പോലെയാണ് മനുഷ്യരുടെ കാര്യവും. അനുകരണഭ്രമം കൂടും. ശ്രേഷ്ഠന്മാര് കാണിക്കുന്നതിനെ കണ്ണടച്ച് അനുകരിക്കും. ഭഗവാന് കൃഷ്ണന് ഗീതയില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്: ശ്രേഷ്ഠന്മാര് ആചരിക്കുന്നതെന്തോ, അതായിരിക്കും ജനങ്ങള്‍ പിന്തുടരുക.
തലമുറകള്‍ എത്ര മാറിയാലും മനുഷ്യനെ വിട്ടുമാറാതെ പിന്തുടരുന്ന സ്വഭാവ വിശേഷങ്ങളിലൊന്നാണിത്. നയിക്കുന്നവരും ഭരണ കര്‍ത്താക്കളും മാതൃകാപുരുഷന്മാരായിരിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്. അത് ഇക്കാലത്തും പ്രസക്തമാണു താനും. എങ്ങനെ മാതൃകയാകണം എന്നതിനു രഘുവംശത്തില്‍ ദിലീപന് എന്ന രാജാവിന്റെ കഥ ഉദാഹരണം. ശ്രീരാമന് പിറന്ന വംശമാണു രഘുവംശം. ദിലീപിന്റെ ഭരണകാലത്തു കുടുംബനാഥന്മാര്‍ക്കു കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും ഏല്ക്കേണ്ടതില്ലായിരുന്നു. എല്ലാം രാജാവു നോക്കി നടത്തും. രാജാവു രാജ്യത്തെയും പ്രജകളെയും സ്വന്തം കുടുംബമായി കാണണമെന്നാണു വിധി. അത് അച്ചട്ടായി ആചരിച്ച ഭരണാധികാരിയായിരുന്നു ദിലീപന്.
രാജാവിന്റെ കര്‍ത്തവ്യ നിഷ്ഠ മൂലം, മക്കളുടെ ജനനത്തോടെ അന്നു പിതാക്കന്മാരുടെ ചുമതല കഴിയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം രാജാവു നടത്തിക്കൊള്ളും. പക്ഷേ, കലികാലത്ത് ഇതിനൊക്കെ മാറ്റം വരുമെന്നു ഭാഗവതത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യഭാരത്തിനും നേതൃത്വത്തിനും വ്യക്തമായ വ്യവസ്ഥയോ മാര്‍ഗ രേഖയോ ഇല്ലാതാകും. ആര്‍ക്കും ഭരണഭാരമേല്ക്കാം. അനര്‍ഹരും സ്വാര്‍ത്ഥമോഹികളും കള്ളന്മാരും ഭരണം കയ്യാളും. ‘രാജ്യനസ്തു പ്രജാ ഭക്ഷാ’ എന്നാണു ഭാഗവതം പറയുന്നത്. ഭരിക്കുന്നവര്‍ പ്രജാരക്ഷകര്‍ എന്നതിനു പകരം പ്രജകളെ ഭക്ഷിക്കുന്നവരാകും. അംഗബലം കൊണ്ടു ഭരണം നേടും. കുല്സിത മാര്‍ഗ്ഗത്തിലൂടെ സംവിധാനത്തെ തകിടം മറിച്ചു ഭരണം കയ്യടക്കും. അച്ഛനെ കൊന്നു മക്കള്‍ അധികാരത്തിലെത്തും. കലികാലത്തു ഭൂമിയും സ്ത്രീയും പൊതുസ്വത്തായി കണക്കാക്കപ്പെടുമെന്നു ദേവീഭാഗവതത്തില്‍ പറയുന്നു. പുരാണങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സൂചിപ്പിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യമായതിന്റെ ഉദാഹരണങ്ങള്‍ എത്രയോ ഇല്ലേ ആധുനിക ലോകചരിത്രത്തില്‍?
ഭഗവാന് കൃഷ്ണന്റെ സ്വര്ഗാരോഹണത്തോടെയാണു കലി ഭൂമിയില്‍ പ്രവേശിക്കുന്നത്. അന്നുമുതല്‍ ചന്ദ്രഗുപ്തന്റെ കാലം വരെ കലിയുടെ പ്രവേശനകാലമായിരുന്നു. അതിനുശേഷം ഇങ്ങോട്ടുള്ളതു വൃദ്ധികാലവും. കലിക്കു ശക്തി വര്‍ധിക്കുന്ന കാലമാണിത്. ഇപ്പറഞ്ഞതൊക്കെ സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഭരണാധികാരി പ്രജകള്‍ക്കു മാതൃകാപുരുഷനും സംരക്ഷകനുമാകണമെന്നു പറഞ്ഞല്ലോ. ഭഗവാന് ശ്രീരാമനെ ഉത്തമ ഭരണാധികാരിയും മാതൃകാപുരുഷനുമാക്കുന്നത് അതാണ്. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും എങ്ങനെ നയിക്കണമെന്നും ജീവിച്ചു കാണിച്ചു തരികയായിരുന്നു രാമന്. രാജ്യത്തെ കുടുംബമായിക്കണ്ട ദിലീപന്റെ പരമ്പരയിലാണല്ലോ രാമനും പിറന്നത്.
അറിവുള്ളവര്‍ ധര്‍മ്മപാതയില്‍ സഞ്ചരിക്കുന്നതും കര്‍മ്മം ആചരിക്കുന്നതും അവര്‍ക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു മാതൃകയാകാന്‍ കൂടിയാണ്. പ്രപഞ്ച തത്വങ്ങള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞവര്‍ പിന്നെ കര്‍മ്മം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെങ്കിലും അവര്‍ കര്‍മ്മം അനുഷ്ഠിക്കണം. അതു മറ്റുള്ളവര്‍ക്കു വഴികാണിക്കാനാണ്. പ്രാമാണികന്മാര്‍ ചെയ്യുന്നതാണല്ലോ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്. അവര്‍ കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ തനിക്കും അത് ആവശ്യമില്ലെന്നായിരിക്കും മറ്റുള്ളവര്‍ ധരിക്കുക. അതുകൊണ്ടാണു ‘വര്‍ത്ത ഏവച കര്‍മ്മണി’ (ഞാന്‍ കര്മ്മത്തില്ത്തന്നെ വര്‍ത്തിക്കുന്നു) എന്നു ഭഗവാന് കൃഷ്ണന് ഗീതയില്‍ പറഞ്ഞത്.
ശരിയായി ആചരിക്കണമെങ്കില്‍ ധര്‍മ്മത്തെ അറിയണം. ധര്‍മ്മം എല്ലാവര്ക്കും ഒരുപോലെയല്ല. പലര്‍ക്കും പല വിധമാണ്. അവനവന്റെ ധര്‍മ്മത്തെ അറിഞ്ഞ് ആചരിച്ചില്ലെങ്കില്‍ ധര്‍മ്മച്യുതി വരുകയും ചെയ്യും.
(കടപ്പാട്: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ രാമകഥാ മാധുരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: