മാനന്തവാടി: എന്‍ഡിഎ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പ്രചാരണത്തിന് ആവേശക്കടല്‍ തീര്‍ത്ത് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ മാനന്തവാടിയില്‍ റോഡ് ഷോ നയിച്ചു. വാദ്യഘോഷങ്ങളുടേയും, നൃത്ത നൃത്ത്യങ്ങളുടെയും അകമ്പടിയോടെ രാവിലെ 11ന് എരുമത്തെരുവില്‍ നിന്നാണ് ഷോ ആരംഭിച്ചത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ നടന്ന റോഡ് ഷോ നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.
മണ്ഡലത്തില്‍ എപ്പോഴും ഉണ്ടാകുന്ന എംപിയെയാണ് വയനാട്ടുകാര്‍ക്ക് ആവശ്യമെന്ന് അണ്ണാമലൈ പറഞ്ഞു. വിഐപി മണ്ഡലമായ വയനാട്ടില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്ക് വരാന്‍ തന്നെ അദ്ദേഹത്തിന് സമയമില്ല. അതുകൊണ്ട് ഇനി ഒരിക്കല്‍ കൂടി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടാലും വയനാടിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. വയനാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി ഏവരെയും സേവിക്കാന്‍ സന്നദ്ധനായി കെ. സുരേന്ദ്രന് മണ്ഡലത്തില്‍ ഉണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം 36 ശതമാനം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആണ്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണ്. ഭിന്നിപ്പിച്ച് ഭരിച്ചിട്ടുള്ളതും അവരാണ്. സാമ്പത്തിക സര്‍വെ നടത്തുമെന്നതടക്കമുള്ള പ്രചാരണം ഇത് ലക്ഷ്യമിട്ടുള്ളതാണ്, അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
കെ. സുരേന്ദ്രനെ കൂടാതെ സന്ദീപ് ജി. വാര്യര്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മല വയല്‍ എന്നിവരും റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: