ഭോജരാജ് നാഗ്… കാംഗറിലെ ഓരോ വനവാസി കുടികള്‍ക്കും ആ പേര് അറിയാം. നാളെ തെരഞ്ഞെടുപ്പിലേക്ക് ഊരുകളില്‍ നിന്ന് അവര്‍ കൂട്ടം കൂട്ടമായി ബൂത്തുകളിലേക്ക് പോകുന്നത് ജീവനും സ്വത്തിനും വിശ്വാസത്തിനും സുരക്ഷയേകിയ ഭോജരാജിന് വോട്ട് ചെയ്യാനാണ്. കമ്മ്യൂണിസ്റ്റ് ഭീകരത കൊലനിലങ്ങളിലൊന്നായി വളര്ത്തിയെടുത്തിയിരുന്ന കാംഗറിന്റെ വഴികളില്‍ വെളിച്ചം വീണത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്താണ്ടത്തെ ഭരണകാലത്താണ്. അടിമജീവിതം വിധിക്കപ്പെട്ട ഒരു ജനത ആത്മവിശ്വാസത്തോടെ സ്വാതന്ത്ര്യത്തിലേക്കും സുരക്ഷയിലേക്കും നടന്നു കയറിയത് ഇക്കാലത്താണ്. നടന്നുപോകുന്ന വഴികളില്‍ മരണമുണ്ടെന്ന് അറിഞ്ഞിട്ടും ദൗത്യം ഏറ്റെടുത്ത് കാംഗറിന് ജീവന് പകരാന്‍ ഇറങ്ങിയ സൈനികര്‍ക്കൊപ്പം ഭോജരാജുണ്ടായിരുന്നു. ഭോജരാജ് നാഗിന്റെ നേതൃത്വത്തിലാണ് ഗ്രാമങ്ങളിലെ യുവാക്കള്‍ സൈനികര്‍ക്കൊപ്പം കൈകോര്‍ത്തത്. അവരാണ് കമ്മ്യൂണിസ്റ്റ് ഭീകരതയെ ചൂണ്ടിക്കാട്ടിയതും തുരത്തിയതും.
കാംഗറിന്റെ സമാധാനജീവിതത്തിന് ഭീഷണി പലതായിരുന്നു. നക്സല്‍ ഭീകരതയ്ക്ക് പുറമേ മതപരിവര്‍ത്തന ശക്തികളുടെ കടന്നാക്രമണവും അവരെ തകര്‍ത്തിരുന്നു. ഗോത്രസംസ്കൃതിയെ തകര്‍ത്ത്, വിശ്വാസങ്ങളെ ഇല്ലാതാക്കി, പരിചിതമല്ലാത്ത മറ്റൊരു ജീവിതത്തിലേക്ക് അവരെ ആട്ടിത്തെളിക്കുന്ന മതംമാറ്റ ലോബികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ക്രൂരതകള്‍ വലുതായിരുന്നു. അവയ്ക്കെതിരെ പൊരുതാനാണ് ഭോജരാജ് നാഗ് ജനജാതി സുരക്ഷാ മഞ്ച് പ്രവര്‍ത്തനം കാംഗറില്‍ ശക്തമാക്കിയത്.
ആക്രമണങ്ങളില്‍ തകര്‍ന്നുപോയ ക്ഷേത്രങ്ങളില്‍ അവര്‍ കൂട്ടമായെത്തി വിളക്ക് തെളിച്ചു. ആരാധന നടത്തി. കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. നിഷേധിക്കപ്പെട്ട അവകാശങ്ങളെക്കുറിച്ച് ഭോജരാജ് അവരെ പഠിപ്പിച്ചു. അവര്‍ പൊരുതാനിറങ്ങി. കാംഗറില്‍ നിന്ന റായ്പൂരിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസും പിണിയാളുകളും ഭോജരാജിനെ വര്‍ഗീയവാദിയെന്ന് വിളിച്ചു. കാംഗറില്‍ വനവാസികള്‍ വനരാജനെന്ന് തിരുത്തി.
നക്സലുകള്‍ ഇല്ലാതായി. മതംമാറ്റ വിപണികള്‍ അടച്ചു. കാംഗറില്‍ ഏകല്‍ വിദ്യാലയങ്ങള്‍ തുടങ്ങി. ഗോത്രകലകള്‍ക്കായി തുറന്ന മൈതാനങ്ങള്‍ കലാശാലകള്‍ ആരംഭിച്ചു. അവര്‍ എഴുതി, പഠിച്ചു. മോദിഭാരതം തീര്‍ത്ത ഡിജിറ്റല്‍ യുഗത്തിലേക്ക് കാംഗര്‍ പുരോഗമിച്ചു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അടിമകളായിരുന്ന ചെറുപ്പക്കാര്‍ ഭാരതസൈന്യത്തിലേക്ക് ചേക്കേറി. ഗ്രാമീണമേഖലകളില്‍ കൃഷിയും കച്ചവടവും ഒരു പോലെ ശക്തമായി. വികസനം വാതില്‍ തുറന്നപ്പോള്‍ പട്ടിണി അകന്നു. അവര്‍ക്ക് നായകനായി ഭോജരാജ് മുന്നില്‍ നടന്നു.
കഴിഞ്ഞ ദിവസം അമിത് ഷാ കാംഗറിലെത്തി. ഭോജരാജിന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം പതിനായിരക്കണക്കിന്
വരുന്ന ജനക്കൂട്ടത്തോട് ചോദിച്ചു, നിങ്ങള്‍ ഇദ്ദേഹത്തെ എംപിയാക്കില്ലേ… ജനം ജയാരവം മുഴക്കി മറുപടി നല്കി. ഭോജരാജ് ഞങ്ങള്‍ക്ക് രാജാവാണ്…. അവസാനവട്ട പരസ്യ പ്രചാരണവും അവസാനിപ്പിച്ച് ഇന്ന് ഓരോ വ്യക്തിയിലേക്കും മോദിജിയുടെ സന്ദേശമെത്തിക്കുകയാണ് ഭോജരാജും കൂട്ടരും ലക്ഷ്യമിടുന്നത്.
പത്ത് കൊല്ലം മുമ്പത്തെ കാംഗറല്ല, ഇപ്പോഴത്തേത്. അന്ന് ഇവിടെക്ക് പുറത്തുനിന്ന് ആളുകള്‍ക്ക് വരാന്‍ തന്നെ ഭയമായിരുന്നു. മോദി സര്‍ക്കാര്‍ തന്നതാണ് സുരക്ഷിത ജീവിതമെന്ന് ഇന്നാട്ടുകാര്‍ക്ക് അറിയാം, ഭോജരാജ് ആത്മവിശ്വാസത്തിലാണ്.
അമ്പത്തഞ്ചുകാരനായ വിരേഷ് ഠാക്കൂറാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇരുകൂട്ടരും ഇന്ന് ഗൃഹസമ്പര്ക്കത്തിലൂന്നും. ഓരോരുത്തരെയും കാണും. ഇനിയും ചെന്നുപറ്റാത്തിടങ്ങളില് ഡിജിറ്റല്‍ ഇന്ത്യയുടെ പ്രഭാവം തുണയ്ക്കും, ഭോജരാജ് മാത്രമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മോദി മാജിക്കിന്റെ ബലത്തിലാവും കാംഗറില്‍ ജനങ്ങളിലേക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: