മോസ്കോ: ലോകമാകെ ആരാധിക്കുന്ന ചെസിലെ ഇതിഹാസതാരമാണ് റഷ്യയുടെ ഗാരി കാസ്പറോവ്. അദ്ദേഹം പോലും 17കാരനായ ഗുകേഷ് ലോകോത്തര ഗ്രാന്റ് മാസ്റ്റര്‍മാരെ തോല്പിച്ച് കാന്‍ഡിഡേറ്റ്സ് കിരീടം നേടിയ സംഭവത്തോടെ പ്രതികരിക്കാനെത്തിയത് പലരേയും അത്ഭുതപ്പെടുത്തുന്നു. 1985 മുതല്‍ 2000 വരെ ചെസ് ലോകചാമ്പ്യനായിരുന്നു ഗാരി കാസ്പറോവ്. 2000ല്‍ പിന്നീട് വ്ളാഡിമിര്‍ ക്രാംനിക്കിനോടാണ് ഗാരി കാസ്പറൊവ് തോല്‍ക്കുന്നത്. 1985ല്‍ തനിക്ക് 22 വയസ്സുള്ളപ്പോള്‍ അന്നത്തെ ലോകചാമ്പ്യനായ കാര്‍പോവിനെ തോല്പിച്ച് ലോക ചെസ് കിരീടം നേടിയ ശേഷം ഗാരി കാസ്പറോവിനെ വിരമിക്കുന്നതുവലെ ആരും തോല്പിച്ചില്ല.1999ല്‍ തന്നെ ചെസില്‍ 2851 എന്ന ഉയര്‍ന്ന ഫിഡെ റേറ്റിങ് നേടിയ അദ്ദേഹത്തിന്റെ റെക്കോഡ്, 2013ല്‍ മാഗ്നസ് കാള്സന് തകര്‍ക്കുന്നതുവരെ അദ്ദേഹത്തിന്റെ പേരില്‍ തുടര്‍ന്നു. 1984ല്‍ ചെസ് കളി തുടങ്ങി 2005ല്‍ വിരമിക്കുന്നതുവരെ അദ്ദേഹമായിരുന്നു ലോകത്തിലെ ഒന്നാം നമ്പര്‍ ചെസ് താരം. മാഗ്നസ് കാള്സന് എന്ന നോര്‍വ്വെയിലെ അത്ഭുതബാലനെ ചെസില്‍ അനിഷേധ്യ ചാമ്പ്യനായി വളര്‍ത്തിയതും കാസ്പറോവ് ആയിരുന്നു. കാസ്പറോവിനെപ്പോലെ ഒരാളെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ച സംഭവമായിരുന്നു ഗുകേഷിന്റെ കാന്‍ഡിഡേറ്റ് ചെസിലെ വിജയം. ഇത്ര ചെറുപ്രായത്തില്‍ പക്വമതികളായ കളിക്കാര്‍ മാത്രം നേടുന്ന കാന്‍ഡിഡേറ്റ്സ് കിരീടം പോലൊന്ന് സ്വന്തമാക്കുക എന്നത് ചെസിലെ അത്ഭുതം തന്നെയായാണ് ഇവരെല്ലാം കാണുന്നത്.
Congratulations! The Indian earthquake in Toronto is the culmination of the shifting tectonic plates in the chess world as the 17 year old Gukesh D will face the Chinese champion Ding Liren for the highest title. The "children" of Vishy Anand are on the loose! https://t.co/Lm52orDYs8
— Garry Kasparov (@Kasparov63) April 22, 2024
ഗുകേഷ് ചാമ്പ്യനായ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്റ് നടന്നത് കാനഡയിലെ ടൊറന്റോയിലായിരുന്നു. “ടൊറന്റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമാണ്”- ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.. “ചെസ് ലോകത്തെ അധികാര സമവാക്യങ്ങള്‍ മാറി മറിയുകയാണ്. വിഷി (വിശ്വനാഥന് ആനന്ദിനെ വിളിക്കുന്ന ചുരുക്കപ്പേര്)യുടെ കുട്ടികള്‍ തകര്‍ത്താടുകയാണ്.”- ഗാരി കാസ്പറോവ് എക്സില്‍ കുറിച്ചു. “ലോകചെസ് കിരീടത്തിനായി ഗുകേഷ് ഇനി ചൈനീസ് താരം ഡിങ് ലിറനെ നേരിടും.”-ഗാരി കാസ്പറോവ് പറയുന്നു. ടൊറന്റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമെന്ന ഗാരി കാസ്പറൊവിന്റെ വിശേഷണം ഇന്റര്‍നെറ്റില്‍ പിന്നീട് തരംഗമായി മാറി. ഒട്ടേറെപ്പേരാണ് കാസ്പറൊവിന്റെ ഈ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചത്.
ലോക രണ്ടാം റാങ്കുകാരന് യുഎസിന്റെ ഫാബിയാനോ കരുവാന, മൂന്നാം റാങ്കുകാരന് യുഎസിന്റെ ഹികാരു നകാമുറ, ഏഴാം റാങ്കുകാരന് റഷ്യയുടെ ഇയാന്‍ നെപോമ് നിഷി എന്നീ പരിചയസമ്പന്നരെ മറികടന്നാണ് വെറും 17 വയസ്സുകാരനായ ഇന്ത്യയുടെ ഗുകേഷ് കിരീടം നേടുന്നത്. ലോകചെസ് വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ സംഭവം. ചെസിലെ അധിപന്മാരെന്ന് കരുതുന്ന യുഎസ്, റഷ്യ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യയുടെ ഈ ആധിപത്യം. തീര്‍ച്ചയായും ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് വളര്‍ത്തിയെടുത്തവരാണ് ഗുകേഷും പ്രജ്ഞാനന്ദയും. 2014ല്‍ കാന്‍ഡിഡേറ്റ്സില്‍ വിശ്വനാഥന് ആനന്ദ് കിരീടം നേടിയതിന് ശേഷം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിശ്വനാഥന് ആനന്ദിന്റെ ശിഷ്യന് ഗുകേഷ് കിരീടം നേടുന്നത്.
നല്ല രീതിയില്‍ ദീര്‍ഘകാലമായി യോഗ പ്രാക്ടീസ് ചെയ്യുന്ന ഗുകേഷ് മനസ്സിന്റെ പ്രശാന്തതയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണ്. മാത്രമല്ല, പക്വതയോടെ, യാതൊരു എടുത്തുചാട്ടമോ ആത്മപ്രശംസയോ നാട്യഭാവങ്ങളോ ഇല്ലാതെയാണ് കാര്യങ്ങള്‍ വിശദീകരിക്കുക. “ലോക ചാമ്പ്യന്‍ ഷിപ്പ് പട്ടത്തിനായി കളിക്കുമ്പോള്‍ നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കണം എന്നാഗ്രഹിക്കുന്നു. ഏറ്റവും മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കും. അതിനുള്ള ഒരുക്കങ്ങളിലാണ്. നല്ല ചെസ് കളിക്കണമെങ്കില്‍ നമ്മള് നല്ല രീതിയില്‍ ഇരിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ഞാന്‍ വിചാരിക്കുന്ന ദിശയില്‍ എത്തുമെന്ന് കരുതുന്നു.”- ഇതാണ് ലോക ചെസ് കിരീടത്തിന് ചൈനയുടെ ഡിങ് ലിറനുമായി നടക്കാന്‍ പോകുന്ന 14 റൗണ്ട് മത്സരത്തെക്കുറിച്ച് ഗുകേഷിന് പറയാനുള്ളത്.
“ലോക കിരീടത്തിന് ഡിങ്ങ് ലിറനെ വെല്ലുവിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അവസരം കിട്ടിയിട്ടില്ല. ഉടനെ തയ്യാറെടുപ്പുകള്‍ തുടങ്ങും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: