ദുബായ്: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നാശനഷ്ടം വിതച്ച മഴയ്ക്ക് ശമനം. ഇതോടെ യുഎഇയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി. കഴിഞ്ഞ ദിവസങ്ങളില്‍ 250 മില്ലി മീറ്ററിലധികം മഴ യുഎഇയില്‍ ലഭിച്ചെന്നാണ് കണക്കുകള്‍. 75 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് രാജ്യത്ത് ഇത്രയും മഴ ലഭിക്കുന്നത്. ഇതിന് മുമ്പ് 1949ലാണ് ശക്തമായ മഴ അനുഭവപ്പെട്ടിട്ടുള്ളത്.
ചൊവ്വാഴ്ച മാത്രം 100 മില്ലി മീറ്ററിലധികം മഴയുണ്ടായിട്ടുണ്ട്. ശക്തമായ മഴയും കാറ്റും മൂലം യുഎഇയിലെ റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വിമാനത്താവളങ്ങളും സ്കൂളുകളും അടച്ചിട്ടു. എമിറേറ്റ്സിലേക്കുള്ള ബസ് സര്‍വീസ് തടസപ്പെട്ടതോടെയാണ് ദുബായ്യിലെ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഓഫീസുകള്‍ക്ക് വര്‍ക് ഫ്രം ഹോം നല്കി. പതിനായിരക്കണക്കിന് വാഹനങ്ങള്‍ വെള്ളം കേറി നശിച്ചു. അഞ്ച് ദിവസത്തേക്ക് മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചിട്ടുള്ളത്. യുഎഇയിലെ താപനിലയും ഉയര്‍ന്നു തുടങ്ങി. ഇതോടെ ദുബായ് വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മഴയില്‍ ജനങ്ങള്‍ കാട്ടിയ ജാഗ്രതയെ രാജാവ് ഷെയ്ഖ് മുഹമ്മദ് ബില്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദിച്ചു. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ പഴയപടി പുനസ്ഥാപിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അല്‍ നഹ്യാന് അഭ്യര്‍ത്ഥിച്ചു.
അതേസമയം കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ്ങാണ് പേമാരിക്കു പിന്നിലെന്ന ആരോപണങ്ങള്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി. ഒരു വര്‍ഷം കൊണ്ട് രാജ്യത്തിന് ലഭിക്കേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയില്‍ പെയ്തതെന്ന് വിദഗ്ധര്‍ അറിയിച്ചു. ശക്തമായ മഴയില്‍ ഒമാനില്‍ ഒരു മലയാളി അടക്കം 18 പേര് മരിച്ചു. ഇതില്‍ പത്ത് പേര് കുട്ടികളാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: