ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് അമേരിക്കയിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ബിഎഎ3യും(Baa3) ഹ്രസ്വകാല ക്രെഡിറ്റ് റേറ്റിംഗ് പി-3(P-3) ആണെന്നും മൂഡീസ് പറയുന്നു. ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടേതിന് അപേക്ഷിച്ച് സമ്പന്നമായ വളര്‍ച്ചാസാധ്യതയും മെച്ചപ്പെട്ട ധനകാര്യ സൂചികകളും ഉള്ളതിനാലാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് മൂഡീസ് വിലയിരുത്തുന്നത്. 2024 ഏപ്രില്‍ നാലിന് ചേര്‍ന്ന മൂഡീസ് റേറ്റിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇന്ത്യ സുസ്ഥിരമാണെന്ന് വിലയിരുത്തിയത്.
ഇന്ത്യയുടെ ഭീമമും വൈവിധ്യമാര്‍ന്നതുമായ സമ്പദ് ഘടന ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതയുമായി കൃത്യമായി തുലനം ചെയ്തുപോകുന്നതായും മൂഡീസ് പറയുന്നു. കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്നും കരുത്തുറ്റതും സുസ്ഥിരവുമായ സമ്പദ് ഘടനയിലേക്ക് ഇന്ത്യ വളര്‍ന്നു. അടിസ്ഥാനസൗകര്യവികസനം, ഡിജിറ്റല്‍ വല്‍ക്കരണം, ധനകാര്യ സംവിധാനങ്ങളുടെ പുനരധിവാസം എന്നിവയില്‍നിന്നെല്ലാം ഇന്ത്യയ്ക്ക് നേട്ടമുണ്ടായെന്നും മൂഡീസ് പറയുന്നു.
2023-24ല്‍ ആദ്യ മൂന്ന് സാമ്പത്തിക പാദങ്ങളിലുംമികച്ച വളര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് മൂഡീസ് 2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവനായി കണക്കാക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാസാധ്യത 8 ശതമാനം ആയിരിക്കുമെന്ന്(നേരത്തെ കണക്കാക്കിയിരുന്നതിനേക്കാള്‍ കൂടുതല്‍ ആണ് ഈ വളര്‍ച്ചാനിരക്ക്) മൂഡീസ് ഭേദഗതി വരുത്തിയിരുന്നു.
അതേ സയമം 2024-25ലും 2025-26ലും ഒട്ടേറെ ആശങ്കകളുടെ നടുവിലാണ് ലോകം. ഒരു ഭാഗത്ത് യുദ്ധഭീതി, മറുഭാഗത്ത് നാണ്യപ്പെരുപ്പ ഭീഷണി എന്നിവയാണ് ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കാന്‍ പോകുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ റിസ്ക് കുറവ് ഇന്ത്യയ്ക്ക് തന്നെയെന്നും മൂഡീസ് പറയുന്നു. അതിനാലാണ് ഇത്ര ആശങ്കയുണ്ടെങ്കിലും 2024-25ലും 2025-26ലും മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 6 ശതമാനത്തിന് മുകളിലായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം ശക്തമായി തുടരുമെന്നതിനാല്‍ മറ്റ് ജി-20 രാജ്യങ്ങളെ അപേക്ഷിച്ച് , 2024-25 കാലഘട്ടത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതായിരിക്കുമെന്ന് മൂഡീസ് മാര്‍ച്ചില്‍ വിലയിരുത്തിയിരുന്നു.
ഇന്ത്യയിലും മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് മഹാമാരിക്ക് മുന്‍പുള്ള കാലഘട്ടത്തിലുണ്ടായിരുന്ന അതേ ശക്തിയില്‍ ഉല്പാദനവും മറ്റും തിരിച്ചെത്തിയിട്ടില്ലെന്ന് മൂഡീസ് വിലയിരുത്തുന്നു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനം ഇപ്പോഴും അതിന്റെ പ്രാരംഭ ദശയിലാണ്. നാണ്യപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലും ചൈനയിലും ആശങ്കയുണ്ട്. നാണ്യപ്പെരുപ്പത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ സഹനപരിധി 2 മുതല്‍ 6 ശതമാനം വരെയാണ്. പക്ഷെ ഇന്ത്യയുടെ നാണ്യപ്പെരുപ്പം ഇപ്പോഴും അഞ്ച് ശതമാനത്തിലാണെന്നത് ആശങ്ക ഉളവാക്കുന്നുവെന്നും മൂഡീസ് പറയുന്നു. എങ്കിലും ഇന്ത്യ ഉള്‍പ്പെടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക കാര്യത്തില്‍ ഏറെ മെച്ചപ്പെട്ടനിലയില്‍ ആണെന്നും മൂഡീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: