കൊച്ചി: പിവിആറും മലയാള സിനിമ സംഘടനകളും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു.പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഫ്ക വെളിപ്പെടുത്തി. വിര്‍ച്വല്‍ പ്രിന്റ് വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ രാജ്യത്താകെയുള്ള പിവിആര്‍ സ്ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് അറിയിച്ചു.
പിവിആര്‍ മലയാളത്തിന്റെ അന്തസ് ചോദ്യം ചെയ്യുകയാണെന്ന് ഫെഫ്ക ഭാരവാഹികള്‍ ആരോപിച്ചു. പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ട്.പിവിആറിന്റെ പ്രധാനപ്പെട്ട തിയേറ്ററുകള്‍ ലുലു മാളില്‍ ഉളളതിനാല്‍ എംഎ യൂസഫലിയോടും സംസാരിച്ചിട്ടുണ്ട്.
ബി ഉണ്ണിക്കൃഷ്ണനെ കൂടാതെ സിബി മലയില്‍, രണ്‍ജി പണിക്കര്‍, സോഹന്‍ സീനുലാല്‍ നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് വിനീത് ശ്രീനിവാസന്, ബ്ലെസി, വിശാഖ് സുബ്രഹ്മണ്യം, അന്‍വര്‍ റഷീദ്, സൗബിന് ഷാഹിര്‍ എന്നിവര്‍ ചേര്‍ന്ന് കൂടിയാണ് ഈ തീരുമാനം എടുത്തത്.
മുന്‍കൂറായി വിപിഎഫ് തുക അടച്ചിട്ടും ആടുജീവിതം പ്രദര്‍ശനം നിര്‍ത്തുന്നത് ഫോണ്‍ വഴി പോലും അറിയിച്ചിട്ടില്ലെന്ന് ബ്ലെസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: