ആലപ്പുഴ: ജലാശയങ്ങള്‍ പോള തിങ്ങി മലിനമാവുകയും വറ്റിവരളുകയും ചെയ്ത സാഹചര്യത്തില്‍ 28 ദിവസം വൈകിയാണെങ്കിലും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷര്‍ട്ടുകള്‍ തുറക്കാന്‍ തുടങ്ങി. മധ്യഭാഗത്തുള്ള മൂന്നാം ഘട്ടത്തിലെ 28 ഷട്ടറുകളും ഒരു ലോക്ക് ഗേറ്റുമാണ് ഇന്നലെ തുറന്നത്. ഇതോടെ തെക്കന്‍ പ്രദേശത്തുള്ള മാലിന്യങ്ങള്‍ വേലിയിറക്ക സമയത്ത് കടലിലേക്ക് ഒഴുകിത്തുടങ്ങി. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം വന്‍തോതില്‍ പ്രദേശങ്ങളില്‍ ഒഴുകിയെത്തുന്നുണ്ട്. തോടുകളില്‍ വെള്ളം എത്തി.
അഞ്ചു ദിവസം കൊണ്ട് 90 ഷട്ടറുകളും നാല് ലോക്ക് ഗേറ്റുകളും പൂര്‍ണമായി തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അമല്‍ നാരായണന് പറഞ്ഞു. വേനല്‍ മഴ പെയ്യുന്നതിനാല്‍ മുന്‍കരുതലായി അര മീറ്റര്‍ കൂടി അധികമായാണ് ഇത്തവണ ഷട്ടറുകള്‍ ഉയര്‍ത്തുക. തിരുവാര്‍പ്പ്, കുമരകം, അയ്യമനം പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തെ തണ്ണീര്‍മുക്കം ബണ്ട് തുറക്കല്‍ ദോഷകരമായി ബാധിക്കാം. കാര്‍ഷിക കലണ്ടര്‍ പ്രകാരം വിത്തിടാതിരുന്ന അപ്പര്‍ കുട്ടനാട്ടിലെ 789.9 ഹെക്ടര്‍ നെല്‍കൃഷി വിളവെടുക്കാന്‍ ബാക്കി നില്‍ക്കുകയാണ്.
കുമരകം കൃഷി ഓഫീസിന്റെ കീഴില്‍ മുഴുവന്‍ പാടശേഖരങ്ങളിലും വിളവെടുപ്പ് പൂര്‍ത്തീകരിക്കാനുണ്ട്. വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉപ്പുവെള്ളത്തിന്റെ വരവ് കൃഷിയെ ബാധിക്കില്ലെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: