ജല്‍പൈഗുഡി: ബംഗാളിലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര പദ്ധതികളുടെ വിഹിതം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി പണം തട്ടാനാണ് ഇവരുടെ നീക്കം. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഫ്രീ പാസിനായാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു. ജല്‍പൈഗുഡിയില്‍ തെരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശ്ഖാലി വിഷയത്തില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്തൊക്കെയാണെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും സാക്ഷിയാണ്. ടിഎംസി നേതാക്കളുടെ സംഘമാണ് അവിടെ ഭരിക്കുന്നത്. സന്ദേശ്ഖാലിയിലെ അമ്മമാരേയും സഹോദരിമാരേയും ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണം. അവരുടെ ശിഷ്ടകാലം ജയിലില്‍ ശിക്ഷ അനുഭവിച്ചു തീര്‍ക്കണമെന്നും മോദി പറഞ്ഞു.
ജനങ്ങളെ ഭയപ്പെടുത്താനുള്ള അധികാരമാണ് ടിഎംസിക്ക് വേണ്ടത്. അതിനായി സാധാരണക്കാര്‍ക്കായി കേന്ദ്രം ആവിഷ്കരിക്കുന്ന പല പദ്ധതികളും സംസ്ഥാനം തടയുകയാണ്. ബംഗാളിലെത്തിയ കേന്ദ്ര അന്വേഷണ സംഘത്തിനുനേരേയും ടിഎംസി ആക്രമണം അഴിച്ചുവിടുകയാണ്.
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി കേന്ദ്രം 30,000 കോടി അനുവദിച്ചിരുന്നു. പദ്ധതി വിഹിതം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനായിരുന്നു കേന്ദ്ര തീരുമാനം. എന്നാല്‍ ടിഎംസി, അവരുടെ നേതാക്കളുടെ അക്കൗണ്ടിലേക്ക് ആദ്യം പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിയും കേന്ദ്രം കൊണ്ടുവന്നു. എന്നാല്‍ ബംഗാളില്‍ ഇത് ശരിയായ രീതിയിലല്ല നടപ്പിലാക്കിയത്. സൗജന്യ ഗ്യാസ് കണക്ഷന് നല്‍കാനും ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയും മമത സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിച്ചിട്ടില്ല.
കശ്മീര്‍, കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു ജാഗ്രതയും പുലര്‍ത്തിയില്ല. എന്നാല്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ ഭാരതാംബയുടെ ശിരസ്സായാണ് കശ്മീരിനെ കണക്കാക്കുന്നത്. ബിജെപി സര്‍ക്കാര്‍ അത് സംരക്ഷിക്കും.
രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിലുണ്ടായ വികസനങ്ങള്‍ ട്രെയിലര്‍ മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കി ഭാരതത്തെ മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്ര പദ്ധതികള്‍ സാധാരണക്കാരുടെ ജീവിതം ആയാസരഹിതമാക്കി. അവരുടെ ആത്മാഭിമാനം സംരക്ഷിക്കുകയും ആദരവ് നേടിക്കൊടുക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന് സാധിച്ചു.
ഇനിയും രാജ്യം മുന്നോട്ട് കുതിക്കണം. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കണം. എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. 2047ലെ വികസിത ഭാരതത്തിന് വേണ്ടി 24 മണിക്കൂര്‍ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. വികസിത ഭാരതമെന്ന ലക്ഷ്യം നമ്മള് പൂര്‍ത്തീകരിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: