ആറ്റിങ്ങല്‍: പാസ്പോര്‍ട്ട് സേവനങ്ങളില്‍ രാജ്യത്ത് വിപ്ലവകരമായ മാറ്റം വരുത്തിയതിന് നേതൃത്വം നല്‍കിയത് വി.മുരളീധരനെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍. പാര്‍ലമെന്റില്‍ തീര്‍ച്ചയായും ഉറപ്പാക്കേണ്ട സാന്നിധ്യമാണ് വി.മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിനായി വി.മുരളീധരന് തയ്യാറാക്കിയ കരട് വികസനരേഖയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ.ജയശങ്കര്‍. പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി വി.മുരളീധരന് നടത്തിയ നിരന്തര ഇടപെടലുകളെ വിദേശകാര്യമന്ത്രി പ്രശംസിച്ചു. മഹാമാരിക്കാലത്തും യുദ്ധമുഖത്തും രാജ്യം നടത്തിയ രക്ഷാദൗത്യങ്ങളെ നയിച്ച മുരളീധരന്റെ നേതൃപാടവം മികച്ചതെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു.
പുതിയൊരു വികസനസങ്കല്പം ലോകത്തിന് മുന്നില്‍ വയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതതെന്ന് വി.മുരളീധരന് പറഞ്ഞു. ജനപങ്കാളിത്തത്തോടെയുള്ള വികസനപദ്ധതികളിലൂടെയാണ് നരേന്ദ്രമോദി ജനാധിപത്യത്തെ കരുത്തുറ്റതാക്കിയത്. അതാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത്.
ജനജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്നതാണ് വികസനരേഖയെന്നും അദ്ദേഹം വിശദീകരിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ പിന്തുണയോടെ ഇവ നടപ്പാക്കുമെന്നും മുരളീധരന് ഉറപ്പ് നല്കി.
”ആറ്റിങ്ങലിന്റെ പുരോഗതി മോദിയുടെ ഗ്യാരന്റി’ എന്ന തലക്കെട്ടില്‍ തയാറാക്കിയ വികസന രേഖയുടെ കരടാണ് അനംതാര റിസോര്‍ട്ടില്‍ പ്രകാശനം ചെയ്തത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ പതിമൂന്നിടങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംസാരിച്ചാണ് കരട് തയാറാക്കിയത്. കൂടുതല്‍ പൊതുജനാഭിപ്രായം ഉള്‍പ്പെടുത്തി അന്തിമരേഖ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: