തിരുവനന്തപുരം: കച്ചൈത്തീവ് ശ്രീലങ്കക്ക് കൈമാറുമ്പോള്‍ ഡിഎംകെയായിരുന്നു തമിഴ്‌നാട്ടില്‍ അധികാരത്തിലുള്ളത്. അന്നത്തെ ഡിഎംകെ മുഖ്യമന്ത്രി രഹസ്യമായി ഇതിനെ പിന്തുണച്ചു, പക്ഷേ പരസ്യമായി എതിര്‍ത്തു. ഡിഎംകെ പറയുന്നതും രേഖകളില്‍ ഉള്ളതും രണ്ട് രണ്ടാണ്. എസ് ജയശങ്കര്‍ പറഞ്ഞു
വിഷയം കോടതിയിലായതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാട് പറയുന്നില്ല. മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ പലതും പറയും. അതുകൊണ്ട് സത്യം സത്യമല്ലാതെയാകില്ല. പക്ഷേ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സത്യം അറിയണമെന്നും ജയശങ്കര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഇന്ന് ദൃഢമാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം എടുത്തു പറയണം. ഇന്ദിരാ ഗാന്ധിക്കു ശേഷം യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയാണ്.
യുദ്ധമുഖത്ത് കുടുങ്ങി കിടന്നവരെയും കൊറോണ മഹാമാരികാലത്ത് കുടുങ്ങി കിടന്നവരെയും നമ്മുടെ രാജ്യത്തിലേക്ക് തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു. ഇന്ന് നമ്മുടെ രാജ്യത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ വളരെ ആത്മവിശ്വസത്തോടെ പോകുന്നു.പ്രവാസികളേയും സാധാരണക്കാരേയും നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുപേലെയാണ് ചേര്‍ത്തുപിടിച്ചതെന്നും കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുറന്നുവെന്നും എസ് ജയശങ്കര്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ വികസിതമാക്കാനുള്ളതാണെന്നും അതിന്റെ മാറ്റങ്ങള്‍ തിരുവനന്തപുരത്തും പ്രകടമാകുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും കേരളത്തിലെ ജനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിക്കാന്‍ സാധിച്ചത് മോദി സര്‍ക്കാരിന്റെ വിജയമാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.’ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് കേരളം ഒരുപാട് വികസന സാധ്യതകളുള്ള സംസ്ഥാനമാണ്. തലസ്ഥാനമായ തിരുവനന്തപുരം ഇനിയും വികസിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വികസനം നിരവധിയാണ്. രാജീവ് ചന്ദ്രശേഖറിലൂടെ തിരുവന്തപുരത്തും വികസനം സാധ്യമാകും. കേന്ദ്രമന്ത്രിമാരും സ്ഥാനാര്‍ത്ഥികളുമായ രാജീവ് ചന്ദ്രശേഖറിനും വി. മുരളീധരനും പിന്തുണ അറിയിക്കുന്നു.’ എസ് ജയശങ്കര്‍ പറഞ്ഞു
ഒരു കാലത്ത് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ 11ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എത്തിനില്‍ക്കുന്നത് 5ാം സ്ഥാനത്താണ്. ഇതിനിടയില്‍ കൊറോണ മഹാമാരി വന്നുപോയി, റഷ്യ യുക്രെയ്ന്‍ യുദ്ധം നടന്നു, എന്നിരുന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയ്‌ക്ക് 5ാം സ്ഥാനത്ത് തന്നെ നിലയുറപ്പിക്കാന്‍ സാധിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാത്രമല്ല, പിഎം ആവാസ് യോജന, അന്നയോജന, കിസാന്‍സമ്മാന്‍ നിധി, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങി നിരവധി പദ്ധതികള്‍ അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്കായി ആവിഷ്‌കരിച്ചെന്നും ഇന്ന് ഭാരതത്തെ മറ്റു രാജ്യങ്ങള്‍ പോലും വിലമതിക്കന്നുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
















