ലഖ്നോ: ബിജെപിയ്ക്ക് ഇക്കുറിയും ഉത്തര്‍പ്രദേശില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇല്ല. പക്ഷെ 2019ല്‍ 10 ശതമാനം മുസ്ലിം വോട്ടുകള്‍ ബിജെപി നേടിയെങ്കില്‍, 2024ല്‍ 15 ശതമാനം മുസ്ലിംവോട്ടുകള് നേടുകയാണ് ലക്ഷ്യം.
ഇതിന് കാരണം യോഗി സര്‍ക്കാര്‍ ഇവിടുത്തെ മുസ്ലിം സമുദായത്തിന് നല്കുന്ന സൗജന്യങ്ങളും സാമ്പത്തിക സഹായങ്ങളും തന്നെയാണ്. മോദി സര്‍ക്കാരിന് സര്‍വ്വ പിന്തുണയും നല്‍കുന്നവരാണ് യുപിയിലെ പസ്മാന്ദ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍.
യുപിയിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് കന്‍വര്‍ ബാസിത് അലി പറയുന്നു:”2019ല്‍ 20,000 ബൂത്തുകളില്‍ ബിജെപിയ്ക്ക് കൈവിട്ടു. ഇക്കുറി ഈ ബൂത്തുകളില്‍ സ്ത്രീകളടക്കം 11 പേരുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ മുസ്ലിം കുടുംബങ്ങളില്‍ ഈ സംഘങ്ങള്‍ എത്തും. ഈ ബൂത്തുകളില്‍ 50 മുസ്ലീം വോട്ടുകള്‍ വീതമെങ്കിലും പിടിക്കുകയാണ് ലക്ഷ്യം. അതുവഴി 2019ല്‍ 10 ശതമാനം മുസ്ലിം വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് 2024ല്‍ 15 ശതമാനം മുസ്ലിം വോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ വീഴ്ത്തും. ”
സമാജ് വാദിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ബിജെപിയ്ക്ക് ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയും പടിഞ്ഞാറന്‍ യുപിയില്‍ ഇല്ല.
അതേ സമയം ബിജെപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 1200 സീറ്റുകളില്‍ പസ്മാന്ദ മുസ്ലിങ്ങളെ മത്സരിപ്പിച്ചിരുന്നു. മുസ്ലിംസമുദായത്തില്‍ 85 ശതമാനവും സമാധാനപ്രിയരായ പസ്മാന്ദ മുസ്ലിങ്ങളാണ്. അവര്‍ പിന്നാക്കക്കാരുമാണ്. ഇവര്‍ക്ക് വലിയ തോതിലാണ് യോഗി സര്‍ക്കാരില്‍ നിന്നും ക്ഷേമപദ്ധതികള്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: