മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം കുതിയ്‌ക്കുകയാണ്. ഇന്ത്യയുടെ ഏത് സാമ്പത്തിക പ്രതിസന്ധിയെയും പരിഹരിക്കാന്‍ ശേഷിയുള്ള അത്രയ്‌ക്കും ഭീമമായ വിദേശനാണ്യശേഖരം റിസര്‍വ്വ് ബാങ്കിന്റെ കയ്യിലുണ്ട്. മാര്‍ച്ച് 15ന്റെ കണക്ക് പ്രകാരം 64249 കോടി ഡോളറാണ് റിസര്‍വ്വ് ബാങ്ക് കൈവശം വെച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച മാത്രം വിദേശ നാണ്യശേഖരത്തില്‍ 1047 കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി. ഇന്ത്യന്‍ രൂപയ്‌ക്ക് മൂല്യ ശോഷണം വന്നാല്‍ ഒരൊറ്റ നിമിഷത്തില്‍ വിദേശനാണ്യം അന്താരാഷ്‌ട്ര വിപണിയില്‍ ഇറക്കി റിസര്‍വ്വ് ബാങ്കിന് രൂപയെ രക്ഷിക്കാനാകും. മാര്‍ച്ച് 26 ബുധനാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം തടയാന്‍ റിസര്‍വ്വ് ബാങ്ക് ഡോളര്‍ ഇറക്കിയിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് കണ്ട് ചില വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ രൂപയിലുള്ള അവരുടെ ബോണ്ടുകള്‍ തുടര്‍ച്ചയായി വില്‍ക്കാന്‍ തുടങ്ങിയതോടെ രൂപ വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83രൂപ 48 പൈസ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.
എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഡോളര്‍ ഇറക്കിയതോടെ ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 33 പൈസ എന്ന നിലയിലേക്ക് ഉയര്‍ന്നു. ചൈനയുടെ കറന്‍സിയായ യുവാന്‍ മൂല്യശോഷണം നേരിടുന്നതിനാല്‍ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തുടര്‍ച്ചയായി ഇന്ത്യന്‍ രൂപയും ഡോളറിനെതിരെ മൂല്യശോഷണം നേരിടുകയാണ്. ഡോളര്‍ശക്തിപ്പെടുന്നതും അസംസ്കൃത എണ്ണവില ഉയരുന്നതുമാണ് മറ്റ് കാരണങ്ങള്‍.
ഇന്ത്യയുടെ സ്വര്‍ണ്ണശേഖരത്തിലുമുണ്ടായി ഉയര്‍ച്ച. കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണശേഖരത്തില്‍ 42. 50 കോടി ഡോളര്‍ വളര്‍ച്ചയുണ്ടായതോടെ അത് 5114 കോടി ഡോളറായി സ്വര്‍ണ്ണശേഖര ആസ്തി കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: