തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ബിജെപി ആസ്ഥാനത്തേക്ക് ആംആദ്മി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ എഎപിക്കാര് ബിജെപി ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചു. സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു മാര്‍ച്ച്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എല്ലാ നിയമങ്ങളും തെറ്റിച്ചായിരുന്നു മാര്‍ച്ച്. നിയമം ലംഘിച്ച് ദേശീയ പതാകയുമായി നടത്തിയ പ്രകടനം പോലീസ് തടഞ്ഞപ്പോള്‍ ദേശീയ പതാക കെട്ടിയിരുന്ന കമ്പ് ഉപയോഗിച്ച് പോലീസിനെ നേരിട്ടു. പോലീസ് ദേശീയ പതാക പിടിച്ചു വാങ്ങിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പതാക വലിച്ചെറിഞ്ഞു. പതാകയെ റോഡിലിട്ട് എഎപിക്കാര് ചവുട്ടി.
എഎപിക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കാത്ത പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ സ്വഭാവമുള്ളവര്‍ മാര്‍ച്ചില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. ബാരിക്കേഡ് വച്ച് സമരക്കാരെ തടഞ്ഞില്ല. ബിജെപി ഓഫീസിനു നേരെ അക്രമം അഴിച്ചു വിട്ടപ്പോഴാണ് പോലീസ് പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചത്.
മാര്‍ച്ചിനു മുമ്പ് ചിത്തിര തിരുന്നാള്‍ പാര്‍ക്കില്‍ നടന്ന യാഗത്തില്‍ ഇടത് വലത് മുന്നണിയില്‍ പെട്ടവരും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് മാര്‍ച്ച് നടന്നത്. യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് ബിജെപി ഓഫീസ് അക്രമിക്കണം എന്ന ലക്ഷ്യവുമായി എത്തിയത്. എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍, ജില്ലാ സെക്രട്ടറി ഷാജു കരിച്ചാറ, നവീന്‍ ജി. നാദമണി, സജുമോഹന്‍, ഡോ. ബെന്നി കക്കാട്, ഡോ. സെലിന് ഫിലിപ്, ബീനാ കുര്യന് എന്നിവര്‍ ന്റെ നേതൃത്വത്തിലാണ് മാര്‍ച്ചും അക്രമവും നടത്തിയത്.
എല്‍ഡിഎഫ് ഗൂഢാലോചന: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയവും എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും സ്ഥിതി ചെയ്യുന്ന മാരാര്‍ജി മന്ദിരത്തിലേക്ക് എഎപി ബാനറില്‍ നടത്തിയ മാര്‍ച്ച് എല്‍ഡിഎഫ് യുഡിഎഫ് ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമണെന്ന് കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയ സമയത്ത് കലാപം ലക്ഷ്യമിട്ടാണ് എഎപി ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും അനുമതി 48 മണിക്കൂറിന് മുമ്പ് വാങ്ങിയിരിക്കണം.മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കണം. മാത്രമല്ല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്ഫോടകവസ്തുക്കളുമായാണ് വന്നത്. അത് പരസ്യമായി പോലീസിന്റെ മുന്നില്‍ വച്ച് ഉപയോഗിച്ചു. കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പി എഫ്ഐ ക്രിമിനലുകള്‍ ചിത്തിര തിരുനാള്‍ പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു . ചിത്തിര തിരുനാള്‍ പാര്‍ക്കില്‍ ഇന്‍ഡി സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം നടന്നിരുന്നു. ഈ സമ്മേളനത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളായ പന്ന്യന്‍ രവീന്ദ്രനും ശശിതരൂരും പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് എഎപി മാര്‍ച്ച് നടത്തിയത്.ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചത്.
നിയമപരമായ അനുമതി ഇല്ലെങ്കിലും പോലീസിന്റെ മൗനാനുവാദം ഇതിന് പിന്നിലുണ്ട്. സര്‍ക്കാരിന്റെ അറിവോടെയാണ് ഈ സംഘര്‍ഷ മാര്‍ച്ച് നടന്നത്. സ്ഫോടക ശബ്ദം കേട്ട് ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് തല്ലി ചതച്ചു. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി എന്‍ഡിഎയുടെ മുന്നേറ്റത്തെ തടയാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാരിനെതിരെയാണ്
പ്രതിഷധമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്. അല്ലാതെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസിലേക്കല്ല. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയാണ്. അല്ലാതെ എകെജി സെന്ററിലേക്കല്ല മാര്‍ച്ച് നടത്തുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിനെയും തീവ്രവാദ സംഘടനകളുടെയും കലാപശ്രമം പ്രതിഷേധാര്‍ഹമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: