കാളിയമ്പി
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്താണെന്നറിയാമോ?
അത് ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ ടി.എന്‍. സരസുവാണ്.
ഓര്‍മ്മയുണ്ടോ സരസു ടീച്ചറെ? എസ്എഫ്‌ഐക്കാര്‍ കുഴിമാടം തീര്‍ത്ത് അപമാനിച്ച് കണ്ണുനിറയിച്ച് ഇറക്കിവിട്ട പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ടി.എന്‍. സരസു ടീച്ചറെ?.
‘എന്റെ കുഴിമാടമല്ല ഇവര്‍ വെട്ടിയിരിക്കുന്നത്. വിക്ടോറിയ കോളജിന്റെ 127 വര്‍ഷത്തെ അഭിമാനവും യശസ്സുമാണ് ഇവര്‍ കുഴിമാടം വെട്ടി മൂടിയത്. ഇവിടെ ഇതുവരെ പഠിപ്പിച്ച അധ്യാപകരേയും പ്രിന്‍സിപ്പല്‍മാരേയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേയും ആണ് കുഴിമാടം വെട്ടി അതിനകത്ത് ഇവര്‍ അടക്കിയത്. കേരളത്തിലെ ഏറ്റവും അന്തസ്സുള്ള കലാലയങ്ങളിലൊന്നാണിത്. അനേകം പ്രമുഖരാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരിക്കുന്നത്. അവരെയെല്ലാമാണ് ഇവര്‍ അപമാനിച്ചിരിക്കുന്നത്’ എന്ന് കരഞ്ഞുകൊണ്ടാണ് ടീച്ചര്‍ വിക്ടോറിയ കോളജിന്റെ പടിയിറങ്ങിയത്.
സരസു ടീച്ചര്‍ വെറുമൊരു ടീച്ചര്‍ ആയിരുന്നില്ല. മക്കളില്ലാത്ത ടീച്ചര്‍ക്ക് താന്‍ പഠിപ്പിക്കുന്ന കുട്ടികളായിരുന്നു മക്കള്‍. തന്റെ മുന്നിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയേയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ സഹായിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ ചികിത്സിക്കേണ്ട എന്ന് കരുതി മരണത്തെ കാത്തിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ആദ്യം സ്വന്തം പണമെടുത്തും പിന്നീട് എന്‍സിസി യൂണിറ്റിന്റെ സഹായത്തോടെയും ചികിത്സിച്ച് ഭേദമാക്കിയതൊക്കെ അതില്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം.
സരസു ടീച്ചര്‍ വ്യക്തിപരമായി തന്നെ സഹായിച്ച ജീവിതം മുന്നോട്ട് നയിക്കാന്‍ വഴിവിളക്കായി അവര്‍ നിന്ന നൂറുകണക്കിന് കുട്ടികളാണ് അന്ന് വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എസ്എഫ്‌ഐ എന്ന തെമ്മാടിക്കൂട്ടം കാട്ടിയ വൃത്തികേടിനെതിരേ രംഗത്ത് വന്നത്.
ആ കോളേജിന്റെ കാമ്പസില്‍ മുഴുവന്‍ പൂവാകമരങ്ങളും നെല്ലി മരങ്ങളും വച്ചുപിടിപ്പിച്ച് പരിപാലിച്ചു അവര്‍. നാക് അക്രിഡിറ്റേഷനില്‍ വിക്ടോറിയ കോളേജ് മുന്നിലെത്തിയത് ഇവരുടെയൊക്കെ അക്ഷീണപ്രയത്‌നത്തിന്റെ ഭാഗമായാണ്. ഇന്ന് ആ തണലിലിരുന്നാണ് ആ കോളജ് പാലക്കാടന്‍ ചൂടില്‍ തണുപ്പാറ്റുന്നത്.
ഇന്ന് പാലക്കാട് ആര്‍ക്ക് രക്തം ആവശ്യം വന്നാലും ഓടിയെത്തുക വിക്ടോറിയയിലെ എന്‍സിസി യൂണിറ്റിലേക്കാണ്. അതും സരസു ടീച്ചര്‍ തുടങ്ങി വച്ചത് തന്നെ. അവിടത്തെ എന്‍സിസി യൂണിറ്റ് ഓഫീസറായിരുന്ന സമയത്ത് രക്തബാങ്ക് ആരംഭിച്ച് നിരന്തരം രക്തദാനക്യാമ്പുകള്‍ നടത്തിയാണ് ആ എന്‍സിസി യൂണിറ്റ് അങ്ങനെയായത്.
ആ സരസുടീച്ചറെയാണ് വിരമിച്ച ദിവസം കുഴിമാടമൊരുക്കി എസ്എഫ്‌ഐ എന്ന മാഫിയാസംഘം അനാദരിച്ച് വിട്ടത്. കരഞ്ഞ് കണ്ണിരൊഴുക്കി താന്‍ പഠിപ്പിച്ച് ജീവിച്ച ആ കോളജിന്റെ പടികളിറങ്ങി അവര്‍.
അന്ന് പ്രതീകാത്മക കുഴിമാടമൊരുക്കിയവര്‍ ഇന്ന് കഴിഞ്ഞ ഒറ്റ മാസം കൊണ്ട് രണ്ട് കുഴിമാടങ്ങളാണ് ഈ നവോത്ഥാന കേരളത്തിന്റെ നെഞ്ചത്ത് കെട്ടിയുയര്‍ത്തിയത്. അതും ഒരിറ്റുവെള്ളം കൊടുക്കാതെ കൊരവള്ളി പൊട്ടിച്ച് ആഴ്ചകളോളം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഒരു പാവം സിദ്ധാര്‍ത്ഥന്റേയും അവര്‍ പറയുന്ന മാര്‍ക്കിട്ട് ജയിപ്പിച്ച് വിടാത്തതിനാല്‍ ഇതേ ആള്‍ക്കൂട്ട വിചാരണ നടത്തി അപമാനിച്ച് സ്വയം ജീവനൊടുക്കിയ ഒരു പാവം കലാകാരന്റേയും.
അവര്‍ പ്രതീകാത്മക കുഴിമാടങ്ങളില്‍ നിന്ന് യഥാര്‍ത്ഥ കുഴിമാടങ്ങളിലേക്കെത്തിയപ്പോള്‍ നാം സരസു ടീച്ചര്‍ക്കൊരുക്കിയിരിക്കുന്നത് രാജനൈതികരംഗത്തേക്കുള്ള രാജവീഥിയാണ്.
ചില എരണം കെട്ട എരപ്പാളികളുടെ അഹന്തയും അധര്‍മ്മവും കാരണം തന്റെ റിട്ടയര്‍മെന്റ് നാളില്‍ അന്നാ പാവം സ്ത്രീ കണ്ണീരൊഴുക്കി തലതാഴ്‌ത്തി കരഞ്ഞുവെങ്കില്‍ ഇന്നവര്‍ക്ക് തലയുയര്‍ത്തി തന്നെ തനിക്കും ശബ്ദമുണ്ടെന്ന് പറയാനൊരു വേദി ലഭിച്ചിരിക്കുന്നു.
ബിജെപി എന്ന രാഷ്‌ട്രീയകക്ഷിക്ക് ഇനി പിന്നോക്കമുണ്ടാവില്ല. കാരണം അത്രമേല്‍ ഗുരുത്വമാണ് ഈ ഒരൊറ്റ രാഷ്‌ട്രീയ പ്രസ്താവനയിലൂടെ നിങ്ങള്‍ നേടിയിരിക്കുന്നത്! മതി. എത്രയെത്ര കുറ്റങ്ങളുണ്ടെങ്കിലും കലവറയില്ലാതെ നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക് ഈ ഒരൊറ്റ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഗുരുത്വം നല്‍കുന്ന അനുഗ്രഹം മാത്രം മതി.
(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: