ജോധ്പൂര്‍ : അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി ഇനി യുഎസ് നിര്‍മിത അപ്പാചെ ഹെലികോപ്ടറുകളും. അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ ആറ് ഹെലിക്കോപ്ടറുകളാണ് ജോധ്പൂരില്‍ വിന്യസിക്കുക. ഇതില്‍ അദ്യ അപ്പാചെ സ്ക്വാഡ്രണ്‍ പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപത്ത് വിന്യസിച്ചു. സൈന്യത്തിന്റെ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അജയ് സുരി, മറ്റ് ഉന്നത പ്രതിനിധികളുടേയും സാന്നിധ്യത്തിലായിരുന്നു ആദ്യ അപ്പാചെ വിന്യസ ചടങ്ങ്.
ഈ വര്‍ഷം മെയ് മാസം ഈ ആറ് ഹെലികോപ്ടറുകളും അതിര്‍ത്തിയില്‍ നിരീക്ഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിര്‍ത്തിയിലെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസില്‍ നിന്ന് ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നത്.
വായുസേനയുടെ ഹിന്‍ഡണ്‍ എയര്‍ഫോഴ്സ് സ്റ്റേഷനാണ് ആറ് അപ്പാചെ ഹെലിക്കോപ്ടറുകളുടേയും താവളം. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ 22 അപ്പാചെ ഹെലികോപ്ടറുകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ധ്രുവ്, ചേതക് എന്നീ വിമാനങ്ങളാണ് ജോധ്പൂര്‍ അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി സൈന്യം ഉപയോഗിച്ചിരുന്നത്. ആസാമിലെ മിസ്സാമറിയില് കഴിഞ്ഞവര്‍ഷം മുതല്‍ ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടറായ പ്രചണ്ഡ് അതിര്‍ത്തി സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധ ഹെലികോപ്ടറുകളാണ് അപ്പാചെ. ആകാശത്തെ ടാങ്കുകള്‍ എന്നാണ് ഇവര അറിയപ്പെടുന്നത്. ആകാശത്തു നിന്നുള്ള ശത്രുരാജ്യത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഈ ഹെലിക്കോപ്ടറുകള്‍ക്ക് സാധിക്കും.
അതുകൊണ്ടുതന്നെ പാകിസ്ഥാന് അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിന്, നിരീക്ഷണത്തിന് പ്രാധാന്യം നല്‍കാനാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: