കൊച്ചി: വക്കാലത്തില്ലാത്ത കേസില്‍ ഹാജരായി വാദം നടത്തിയെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ വനംവകുപ്പിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. നാഗരാജ് നാരായണന് വെട്ടില്‍.
പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ആരോപണങ്ങള്‍ മറികടക്കാന്‍ വേണ്ടി ഇതേ കേസില്‍ പുതിയതായി മെമ്മോ ഓഫ് അപ്പിയറന്‍സ് ഇട്ടതാണ് അഡ്വ. നാഗരാജിനെ വെട്ടിലാക്കിയിരിക്കുന്നത്. താനറിയാതെ തന്റെ ഹര്‍ജിയില്‍ വ്യാജമായി വക്കാലത്തിട്ടുവെന്ന് ആരോപിച്ച് ക്രിമിനല്‍ എംസി 3105/2023 നമ്പര്‍ ഹര്ജിക്കാരന് എ.എസ്. സന്തോഷ്കുമാര്‍ അഡ്വ. നാഗരാജിനെതിരേ ഹൈക്കോടതി രജിസ്ട്രാര്‍, ചീഫ് ജസ്റ്റിസ് എന്നിവര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്കി. തെളിവായി അഡ്വ. നാഗരാജിന്റെ വക്കാലത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിക്കാരനായ സന്തോഷ്കുമാര്‍ അറിയാതെയാണ് അദ്ദേഹത്തിന്റെ പേരില്‍ നാഗരാജ് നാരായണന് വക്കാലത്തിട്ടിരിക്കുന്നത് എന്നാണ് പരാതി.
ഉണ്ണിത്താന് വധശ്രമക്കേസിലെ പ്രതിയായിരുന്ന ട്രാഫിക് എസ്പി എന്‍. അബ്ദുള്‍ റഷീദിനെതിരേ ഹൈക്കോടതിയില്‍ ജസ്റ്റിസ് സോമരാജന്റെ ബഞ്ചിലുള്ള അപ്പീലുകളില്‍ വാദം കേട്ടപ്പോഴാണ് വക്കാലത്തില്ലാതെ അഡ്വ. നാഗരാജ് നാരായണന് വാദം പറയാന്‍ കയറിയത്. റഷീദിന് വേണ്ടിയായിരുന്നു നാഗരാജിന്റെ വാദം. ഉണ്ണിത്താന് വധശ്രമക്കേസില്‍ എന്‍. അബ്ദുള്‍ റഷീദിനെ വിചാരണ കൂടാതെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരേ കേസില്‍ 88-ാം സാക്ഷിയായിരുന്ന ജി. വിപിനനും സിബിഐയും അടക്കം നല്കിയ അഞ്ച് അപ്പീലുകളാണ് കോടതി ഒന്നിച്ച് പരിഗണിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 19 ന് കേസ് പരിഗണിച്ചപ്പോള്‍ വനംവകുപ്പിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ അഡ്വ. നാഗരാജ് നാരായണന് ഹാജരാവുകയും ഹര്ജിക്കാരന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും പുറമേ നിന്നുളള ആളാണെന്നും അതിനാല്‍ ഈ കേസ് തീര്‍പ്പാക്കണമെന്നും വാദിച്ചു.
അബ്ദുള്‍ റഷീദിനെതിരായ അപ്പീലുകള്‍ ജസ്റ്റിസ് പി. സോമരാജന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. ഈ ഹര്‍ജികളിലൊന്നില്‍പ്പോലും അഡ്വ. നാഗരാജ് നാരായണന് വക്കാലത്തില്ല. വക്കാലത്തില്ലാത്തയാള് എങ്ങനെ ഒരു കേസില്‍ ഹാജരാകുമെന്നും ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ചൂണ്ടിക്കാട്ടി വിപിനന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: