ശിവരാത്രി…. വനിതാദിനം… ഭാരതപാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് സുധാമൂര്‍ത്തിയുടെ പേര് നിര്‍ദേശിച്ചാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഈ ദിവസത്തെ ആദരിച്ചത്. നാരീശക്തിയുടെ യഥാര്‍ത്ഥ മൂര്‍ത്തിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സുധാമൂര്‍ത്തിയുടെ കരുത്തുണ്ട്. പോരാട്ടമായിരുന്നു സുധയുടെ ജീവിതം.
എല്ലാത്തരം വിവേചനങ്ങള്‍ക്കുമെതിരെ അവര്‍ ജീവിതം കൊണ്ട് പൊരുതി. പെണ്ണുങ്ങള്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ അതേ കാലത്താണ് എന്‍ജിനിയറിങ് മേഖലയിലേക്ക് സുധാമൂര്‍ത്തി കടന്നുവന്നത്. ആ മേഖലയിലെ ആദ്യ ഭാരതീയ വനിത. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം. അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ഉന്നതപഠനത്തിനവസരം ലഭിച്ച അപൂര്‍വം ഭാരതീയ വനിതകളില്‍ ഒരാള്‍…
കര്‍ണാടകയിലെ ഷിഗോണ്‍ എന്ന ഗ്രാമത്തില്‍ 1950 ആഗസ്ത് 19ന് ജനനം. ബിവിബി കോളജില്‍നിന്ന് ബിടെക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സ്വര്‍ണ മെഡലോടെ എംടെക്. ടാറ്റാ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എന്‍ജിനിയറായ ആദ്യ വനിത. ടെല്‍കോയില്‍വച്ചാണ് എന്‍.ആര്‍. നാരായണമൂര്‍ത്തിയെ പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്റെ ചക്രവര്‍ത്തിയായത് സുധയുടെ കരുത്തുറ്റ പിന്തുണയിലാണ്.
1997ല്‍ തുടക്കംകുറിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകള്‍ സുധ ലോകത്തിന് പരിചയപ്പെടുത്തി. നമ്മളോട് സമൂഹം കരുണ കാണിച്ചതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നതെന്നും നമ്മുടെ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനുള്ളതാണെന്നും അവര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പി.എം. കെയര്‍ കാരുണ്യനിധി’ യുടെ ട്രസ്റ്റിമാരില്‍ ഒരാളായി സുധാമൂര്‍ത്തി കടന്നുവരുന്നതും അങ്ങനെയാണ്. പാവപ്പെട്ടവരുടെ ഊരുകളില്‍, ഗ്രാമങ്ങളില്‍ വായനശാലകളും ഗ്രന്ഥാലയങ്ങളും അവര്‍ നിര്‍മ്മിച്ചു. പൊതുകിണറുകളും ശൗചാലയങ്ങളും പണിതുനല്കി. എല്ലാവരും പഠിക്കണമെന്ന് ആഹ്വാനം ചെയ്തു. പള്ളിക്കൂടങ്ങളും ആശ്രമങ്ങളും നിര്‍മ്മിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളും സുധാമൂര്‍ത്തി നിര്‍മിച്ചുനല്‍കി.
പ്രളയത്തില്‍ കേരളം വലഞ്ഞപ്പോള്‍ കരുണയുടെ സുധയായി സുധാമൂര്‍ത്തിയെത്തി. ആ വരവിലാണ് അവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തത്. പൊങ്കാലയെ സമത്വത്തിന്റെ മഹോത്സവം എന്നാണ് അന്ന് സുധാമൂര്‍ത്തി വിശേഷിപ്പിച്ചത്.
അമ്മക്കഥകള്‍ എഴുതിയ അമ്മയാണ് സുധ. ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍ എന്ന കുറിപ്പുകളിലൂടെ കണ്ടുമുട്ടിയവരെ അവര്‍ ലോകത്തിന് പരിചയപ്പെടുത്തി. തിരികൊളുത്തൂ ഇരുള്‍ മായട്ടെ എന്ന പുസ്തകം നിരാശയിലുഴലുന്നവര്‍ക്ക് വെളിച്ചം കാട്ടിയ പ്രകാശമായി. ലോകത്തിന്റെ ഏത് ഉന്നതപദവിയിലേക്കും സധൈര്യം കടന്നുചെല്ലാനുള്ള യോഗ്യതയുടെ പേരാണ് സുധാമൂര്‍ത്തി എന്നത്. രാജ്യസഭാംഗമായി സുധ മാറുമ്പോള്‍ ഭാരതത്തിന്റെ അഭിമാനവും ഉയരുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: