ന്യൂദല്‍ഹി : ചെങ്കടലില്‍വച്ച് ഹൂതികളുടെ ആക്രമണമേറ്റ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ കപ്പലിനെ നാവിക സേന രക്ഷിച്ചു. ഏദന്‍ ഉള്‍ക്കടലില്‍വെച്ച് ഡ്രോണ്‍ ആക്രമണം നേരിട്ട കപ്പലില്‍ പതിമൂന്നു ഭാരതീയരുള്‍പ്പടെ 23 പേരാണ് ഉണ്ടായിരുന്നത്.
ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിച്ച നിലയിലായിരുന്നു സ്വിസ് കപ്പല്‍. എംഎസ്‌സി സ്‌കൈ കക എന്ന വാണിജ്യ കപ്പലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെഐഎന്‍എസ് കൊല്‍ക്കത്ത ഏദനിലെത്തി കപ്പലിനെ രക്ഷിക്കുകയായിരുന്നു.
12 പേരടങ്ങുന്ന ഐഎന്‍എസ് കൊല്‍ക്കത്ത സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റിയ ശേഷം നാവിക സേനാ സംഘം കപ്പലിനുള്ളിലേക്ക് കയറി തീ അണയ്‌ക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. കൂടാതെ സ്വിസ് കപ്പല്‍ സുരക്ഷിത സ്ഥലത്തേയ്‌ക്ക് എത്തുന്നത് വരെ ഐഎന്‍എസ് കൊല്‍ക്കത്ത അനുഗമിച്ചു.
സ്വിസ് കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് നാവിക സേന അറിയിച്ചു. കപ്പല്‍ സുരക്ഷിത സ്ഥലത്ത് എത്തിയെന്ന് ഉറപ്പിച്ചശേഷമാണ് നാവിക സേന ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
നാവിക സേനയുടേയും ഐഎന്‍എസ് കൊല്‍ക്കത്തയുടേയും ഭാഗത്തു നിന്നുണ്ടായത് നിസ്വാര്‍ത്ഥ സേവനമാണെന്ന് സ്വിസ് വാണിജ്യ കപ്പല്‍ അധികൃതര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: