തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മുഴുവന്‍ യുവാക്കളും നൈപുണ്യം ലഭിച്ചവരായി മാറുമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇത് കേന്ദ്ര ഗവണ്മെന്റ് നല്കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ഗിരിദീപം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ‘കേരളത്തിലെ യുവാക്കളെ ഭാവിയിലേക്ക് സജ്ജമാക്കുന്ന നൈപുണ്യം’ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ സുരക്ഷ, സെമി കണ്ടക്ടര്‍ മേഖലകളില്‍ ടാലെന്റ് ഹബ്ബ് ആയി തിരുവനന്തപുരം മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അറിവിനോടൊപ്പം നൈപുണ്യ വൈദഗ്ധ്യവും നേടുന്നത് ഭാവിയിലെ അനന്തസാധ്യതകള്‍ക്കാണ് വഴി തുറക്കുന്നത്. നിലവിലെ കാലഘട്ടത്തില്‍ പരിചയ സമ്പത്തിനൊപ്പം നൈപുണ്യവുമാണ് ഒരു വ്യക്തിയുടെ വിജയമന്ത്രം. പല മുന്‍നിര കമ്പനികളും ഡിജിറ്റല്‍ നൈപുണ്യമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായുള്ള എന്‍എസ്ഡിസിഐയുടെ ജര്‍മ്മന്‍ ഭാഷാ പരിശീലന പരിപാടിയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അദ്ദേഹം നിയമന ഉത്തരവുകള്‍ കൈമാറി. കേരളത്തില്‍ നിന്നുള്ള 28 ഉദ്യോഗാര്‍ഥികളാണ് ഭാഷാ പരിശീലനം പൂര്‍ത്തിയാക്കി ജര്‍മനിയില്‍ തൊഴില്‍ നേടിയത്. ഇഗ്നോയുമായി സഹകരിച്ച് തിരുവനന്തപുരത്തെ നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ലാംഗ്വേജ് പ്രൊഫിഷ്യന്‍സി പ്രോഗ്രാമിന്റെ (ജര്‍മ്മന്‍, ജാപ്പനീസ്) സമാരംഭവും പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) 4.0 ന്റെ ഉദ്ഘാടനവും കേന്ദ്രസഹമന്ത്രി നിര്‍വഹിച്ചു.
നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗിന്റെ ഡയറക്ടര്‍ ജനറലായ ത്രിഷാല്‍ജിത് സേഥി, നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, എന്‍എസ്ഡിസി ഇന്റര്‍നാഷണല്‍ ഡയറക്ടറും സിഒഒയുമായ അജയ് കുമാര്‍ റെയ്ന, എന്‍ഐഇഎല്‍ഐടി ഡയറക്ടര്‍ ഡോ. പ്രതാപ് കുമാര്‍ എസ്., റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് സ്കില്‍ ഡവലപ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് റീജിയണല്‍ ഡയറക്ടര്‍ സി. യുവരാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: