ഹൈദരാബാദ്: ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ത്തിയാക്കിയത് മോദി സര്‍ക്കാരാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുശ്ബു സുന്ദര്‍. അഴിമതിയുടെ ഭാരം കൊണ്ട് അപമാനത്തിന്റെ പാതാളത്തിലേക്ക് താണുപോയ നാടിനെയാണ് പത്ത് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടെടുത്തത്. ഇത് ജനങ്ങളുടെ സര്‍ക്കാരാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്, ഖുശ്ബു പറഞ്ഞു. ഹൈദരാബാദില്‍ ബിജെപി വിജയ് സങ്കല്പ യാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
സമാനതകളില്ലാത്ത ക്ഷേമപദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ ആന്ധ്രയിലും തെലങ്കാനയിലും ആ പദ്ധതികളുടെ ഗുണഫലം ജനങ്ങളിലേക്ക് എത്താന്‍ സംസ്ഥാനസര്‍ക്കാരുകള്‍ തടസം നില്‍ക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകളെ ശാക്തീകരിക്കുക എന്നത് നയമാക്കിയ സര്‍ക്കാരാണ് മോദിയുടേത്. രാജ്യം സ്ത്രീമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ സ്ത്രീപീഡകരുമായി സഖ്യം ചേരാന്‍ യാചിച്ച് പിന്നാലെ നടക്കുകയാണ്. ബംഗാളിലെ സ്ത്രീവിരുദ്ധ മമത സര്‍ക്കാരിനെ അപലപിക്കാന്‍ പോലും സോണിയയും പ്രിയങ്കയും നയിക്കുന്ന കോണ്‍ഗ്രസ് തയാറാകുന്നില്ല. സന്ദേശ്ഖാലിയില്‍ തൃണമൂല്‍ ക്രിമിനലുകളുടെ ആക്രമണത്തിനിരകളായ സ്ത്രീകളെ കാണാന്‍ പോലും മമത ബാനര്‍ജി തയാറായില്ല. അവര്‍ ബധിരയും മൂകയുമായി അഭിനയിക്കുകയാണ്. സ്ത്രീപീഡകരെ സംരക്ഷിക്കാനും ഒളിവില്‍ പാര്‍പ്പിക്കാനുമാണ് അവര്‍ ശ്രമിച്ചത്. അവര്‍ക്ക് പിന്നാലെ കൈനീട്ടി നടക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഖുശ്ബു പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യം ഭരിച്ചത് ഒരു കുടുംബത്തിന് വേണ്ടിയായിരുന്നു. എല്ലാ പദ്ധതികള്‍ക്കും അവര്‍ അവരുടെ കുടുംബക്കാരുടെ പേര് നല്കി. നെഹ്റു, ഇന്ദിര, രാജീവ്… അഴിമതിയും പകല്ക്കൊള്ളയുമായിരുന്നു അവരുടെ മുഖമുദ്ര. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രാജ്യത്തെ ആ കുടുംബത്തില്‍ നിന്ന് മോചിപ്പിച്ചു, ഖുശ്ബു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: