ഇസ്ലാമാബാദ് : ലഷ്കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫൈസലാബാദില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചത്. സംസ്കാരം ഫൈസലാബാദിലെ മല്‍ഖന്‍വാലയില്‍ നടന്നതായാണ് വിവരം.
2006ല്‍ മുംബൈയില്‍ 188 പേര് കൊല്ലപ്പെടുകയും എണ്ണൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അസം ചീമ. 18 സൈനികരും ആറ് അമേരിക്കക്കാരുമുള്‍പ്പെടെ 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ മുംബൈ ആക്രമണത്തില്‍ ഭീകരര്‍ക്ക് പരിശീലനം നല്കിയതും ഇയാളായിരുന്നു. ഇതില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പിടികിട്ടാപ്പുള്ളിയായിരുന്നു അസം ചീമ.
ഭാരതത്തില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പഞ്ചാബിയിലാണ് ഇയാള്‍ സംസാരിക്കുന്നത്. മാപ്പ് റീഡിങ്ങില്‍ വൈദഗ്ധ്യമുള്ള അസം ചീമ ഭീകരരെ പരിശീലിപ്പിക്കുന്നതിലും ഭാരതത്തിലുടനീളമുള്ള ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു. ആറു അംഗരക്ഷകരുമായി ഒരു ലാന്‍ഡ് ക്രൂയിസറിലാണ് ഇയാള്‍ എപ്പോഴും സഞ്ചരിക്കാറ്.
കഴിഞ്ഞ മാസങ്ങളില്‍ നിരവധി ലഷ്കര്‍ ഭീകരര്‍ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു. ഇതിനിടെയാണ് അസം ചീമ മരണപ്പെട്ടുവെന്ന വാര്‍ത്തയും പരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: